തിരുച്ചിറപ്പള്ളി: തമിഴ്നാടിനെ ഞെട്ടിച്ച്‌ വന്‍ സ്വര്‍ണ മോഷണം. മുഖം മൂടി ധരിച്ചെത്തിയ രണ്ടംഗസംഘം അന്‍പത് കോടി രൂപ മൂല്യം വരുന്ന സ്വര്‍ണമാണ് കവര്‍ച്ച ചെയ്തത്. തിരുച്ചിറപ്പള്ളി നഗരമധ്യത്തിലെ ചൈത്രം ബസ് സ്റ്റാന്‍ഡിന് സമീപം സ്ഥിതി ചെയ്യുന്ന ലളിതാ ജ്വല്ലറിയില്‍ ബുധനാഴ്ച പുലര്‍ച്ചയോടെയാണ് മോഷണം നടന്നത്. ജ്വല്ലറിയുടെ പിന്‍വശത്തെ ചുമര്‍ തുറന്ന് അകത്തു പ്രവേശിച്ച മോഷ്ടാക്കള്‍ പരമാവധി സ്വര്‍ണം ശേഖരിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു.

രാവിലെ കട തുറക്കാനായി ജീവനക്കാര്‍ എത്തിയപ്പോഴാണ് കവര്‍ച്ച നടന്നതായി അറിഞ്ഞത്. മൃഗങ്ങളുടെ മുഖം മൂടി ധരിച്ചെത്തിയ കവര്‍ച്ചക്കാരുടെ ദൃശ്യങ്ങള്‍ ജ്വല്ലറിയിലെ സിസിടിവി ക്യാമറകളില്‍ നിന്നും ലഭിച്ചിട്ടുണ്ട്. പുലര്‍ച്ചെ രണ്ട് മണിക്കും മൂന്ന് മണിക്കും ഇടയിലായാണ് കവര്‍ച്ച നടന്നിരിക്കുന്നത്.

മോഷ്ടാക്കളെ പിടികൂടാനുള്ള ശ്രമങ്ങള്‍ പ്രത്യേക അന്വേഷണസംഘം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ എല്ലാ സിസിടിവി ക്യാമറകളും, ഈ മേഖലയില്‍ നിന്നും കഴിഞ്ഞ 24 മണിക്കൂറില്‍ വന്നതും പോയതുമായ ഫോണ്‍ കോളുകളുടെ വിശദാംശങ്ങളും പോലീസ് പരിശോധിച്ച്‌ വരികയാണ്.