ന്യൂഡല്‍ഹി: രാഷ്ട്രപിതാവ്‌ മഹാത്മാഗാന്ധിയുടെ നൂറ്റിയന്‍പതാം ജന്മവാര്‍ഷിക ദിനത്തില്‍ ഐന്‍സ്റ്റീന്‍ ചലഞ്ച് മുന്നോട്ടുവെച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി.

ഗാന്ധിജയന്തി ദിനമായ ഇന്ന്‍ ന്യൂയോര്‍ക്ക് ടൈംസില്‍ പ്രസിദ്ധീകരിച്ച മോദിയുടെ ലേഖനത്തിലാണ് അദ്ദേഹം പുതിയ ആശയം പങ്കുവെച്ചിരിക്കുന്നത്.

‘ഗാന്ധിയോടുള്ള സ്മരണയ്ക്കായി ഐന്‍സ്റ്റീന്‍ ചലഞ്ച് ഞാന്‍ നിര്‍ദേശിക്കുകയാണ്. ഭാവിതലമുറ ഗാന്ധിയുടെ ആദര്‍ശങ്ങള്‍ ഓര്‍ത്തിരിക്കും എന്നത്‌ നമുക്ക് എങ്ങനെ ഉറപ്പുവരുത്താനാകും?ഗാന്ധിയുടെ ആദര്‍ശങ്ങളും ആശയങ്ങളും നവീനമായരീതിയില്‍ പ്രചരിപ്പിക്കാന്‍ ചിന്തിക്കുന്നവരേയും സംരംഭകരേയും സാങ്കേതിക വിദഗ്ധരേയും ഞാന്‍ ക്ഷണിക്കുന്നു’ എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ലേഖനത്തില്‍ പറയുന്നത്.

ദണ്ഡി മാര്‍ച്ചിനെക്കുറിച്ച്‌ മോദി പ്രതിപാദിച്ചത് ഒരു നുള്ള് ഉപ്പ് കൊണ്ട് ഒരു മഹാപ്രക്ഷോഭം സംഘടിപ്പിക്കാന്‍ ആര്‍ക്കു കഴിയും എന്നായിരുന്നു. രാജ്യത്തെ നയിക്കുന്ന ഒരു മികച്ച അധ്യാപകനാണ് ഗാന്ധിയെന്നും നരേന്ദ്ര മോദി ലേഖനത്തില്‍ കുറിച്ചിട്ടുണ്ട്.

പ്രിയപ്പെട്ട ബാപ്പു, ലോകം നിങ്ങള്‍ക്കുമുന്നില്‍ വണങ്ങുന്നു എന്ന വാചകത്തോടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലേഖനം അവസാനിക്കുന്നത്.

ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ ശുചിത്വ പദ്ധതിയെക്കുറിച്ചും മോദി ലേഖനത്തില്‍ പ്രതിപാദിക്കുന്നുണ്ട്.