ന്യൂജേഴ്‌സി: ഇന്ത്യ പ്രസ്‌ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ എട്ടാമത് രാജ്യാന്തര കോണ്‍ഫറന്‍സില്‍ സംഗീതരാവിനും അരങ്ങുണരും. കോണ്‍ഫറന്‍സിന്റെ രണ്ടാം ദിനമായ ഒക്‌ടോബര്‍ 11 ന് വൈകുന്നേരമാണ് പത്തു ഗായകര്‍ ഒത്തുചേരുന്ന സംഗീതനിശ അരങ്ങേറുക.
ഗൃഹാതരുമായ ഓര്‍മ്മകളിലേക്ക് നയിക്കുന്ന പഴയകാല ഗാനങ്ങളിലൂടെയുളള യാത്രയാണ് സംഗീതരാവെന്ന് ഇന്ത്യ പ്രസ്‌ക്ലബ്ബ് നാഷണല്‍ പ്രസിഡന്റ്മധു കൊട്ടാരക്കരയും ജനറല്‍ സെക്രട്ടറി സുനില്‍ തൈമറ്റവും അറിയിച്ചു. പത്ത് ഗായകര്‍ ആലപിക്കുന്ന ഇരുപത് ഗാനങ്ങള്‍ എന്ന രീതിയിലാണ് പരിപാടി തയാറാക്കിയിരിക്കുന്നത്. എങ്കിലും സദസ്യരില്‍ നിന്ന് ആവശ്യമുയര്‍ന്നാല്‍ ഗാനങ്ങളുടെ എണ്ണവും സംഗീതരാവിന്റെ ദൈര്‍ഘ്യവും വര്‍ ധിക്കും.

അമേരിക്കന്‍ മലയാളി സമൂഹത്തിലെ മുതിര്‍ന്ന തലമുറക്കുളള സമര്‍പ്പണമാവും പഴയ കാല ഗാനങ്ങള്‍ കോര്‍ത്തിണക്കിയുളള സംഗീതനിശ. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് അമേരിക്കയിലെത്തി പ്രതികൂല സാഹചര്യങ്ങളിലൂടെ സഞ്ചരിച്ച് ജീവിത വിജയം നേടിയ മുന്‍ തലമുറ തുടര്‍ന്നു വന്ന എല്ലാ മലയാളികള്‍ക്കും പ്രചോദനമായിരുന്നു. അവര്‍ വെട്ടിത്തെളിച്ച വിജയപാതയിലൂടെ സഞ്ചരിച്ചവരാണ് പിന്നീടു വന്നവര്‍, വഴികാട്ടികളായി നിന്ന മുതിര്‍ ന്നവര്‍ക്കുളള ആദരമായാണ് സംഗീതനിശ വിഭാവനം ചെയ്തിരിക്കുന്നത്.

സുമ നായര്‍, സിജി ആനന്ദ്, ജെംസണ്‍ കുര്യാക്കോസ്, ശബരീനാഥ് നായര്‍, റേച്ചല്‍ ആനി ഉമ്മന്‍, ജിനു സോസി ജേക്കബ്, സാധക അലക്‌സാണ്ടര്‍,വില്യംസ് , ശാലിനി രാജേന്ദ്രന്‍, ഭദ്ര കൃഷ്ണന്‍ എന്നീ ഗായകരാണ് സംഗീതനിശ നയിക്കുന്നത്. ഒക്‌ടോബര്‍ 11 വെള്ളിയാഴ്ച വൈകുന്നേരം ഏഴുമണിക്ക് പ്രസ്‌ക്ലബ്ബ് അഭ്യുദയാകാംക്ഷികള്‍ക്കായി ഒരുക്കുന്ന സൗഹൃദ വിരുന്നിനു ശേഷമാണ് സംഗീതനിശയുടെ പക്കമേളം തുടങ്ങുക.