കൊച്ചി: സംസ്ഥാനത്ത് പുതിയതായി ആറ് ഡാമുകള്‍ നിര്‍മ്മിക്കാന്‍ ജലസേചന വകുപ്പ് ഒരുങ്ങുന്നു. അട്ടപ്പാടിയിലാണ് ഡാമും വന്‍കിട ജലസേചന പദ്ധതിയും നിര്‍മ്മിക്കാന്‍ പോകുന്നത്. മൂന്നു പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഒരു വന്‍കിട ജലസേചന പദ്ധതി വകുപ്പ് തയ്യാറാക്കുന്നത്. ഇത് സംബന്ധിച്ച്‌ 458കോടിയുടെ വിശദമായ പദ്ധതി രേഖ തയ്യാറാക്കി കഴിഞ്ഞു.ഇത് വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടിക്ക് കൈമാറി.

അഗളിഷോളയാര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കോണ്‍ക്രീറ്റ് അണക്കെട്ടാണ് വിഭാനം ചെയ്തിട്ടുള്ളത്. 450മീറ്റര്‍ നീളവും 51.5മീറ്റര്‍ ഉയരവും ഈ അണക്കെട്ടിനുണ്ടാകും. മുകള്‍ ഭാഗത്ത് എട്ട് മീറ്റര്‍ വീതിയുണ്ടാകും. അഞ്ച് ഷട്ടറുകളാകും ഡാമിനുണ്ടാകുക. ഇരുകരകളില്‍ക്കൂടി 47കിലോമീറ്റര്‍ ദൂരത്തില്‍ കോണ്‍ക്രീറ്റ് പൈപ്പിലൂടെ ജലം കര്‍ഷകര്‍ക്കെത്തിക്കും.

ആദിവാസി മേഖലയിലെ കര്‍ഷകര്‍ക്കാണ് പദ്ധതി ഗുണകരമാവുക. ഇതോടൊപ്പം മൈക്രോ ഇറിഗേഷന്‍ പദ്ധതി നടപ്പാക്കാനും ഉദ്ദേശിക്കുന്നുണ്ട്. ആകെ 4255ഹെക്ടര്‍ പ്രദേശത്തെ കൃഷിക്ക് ജലസേചന സൗകര്യം ലഭ്യമാക്കും. കുടിവെള്ള വിതരണവും ലക്ഷ്യമിടുന്നുണ്ട്. ഏഴ് ദശലക്ഷം ലിറ്റര്‍ കുടിവെള്ള വിതരണമാണ് ലക്ഷ്യമിടുന്നത്.

വെള്ളപ്പൊക്കം നിയന്ത്രിക്കാന്‍ കൂടുതല്‍ ഡാമുകള്‍ നിര്‍മിക്കാനും തീരുമാനമായിട്ടുണ്ട്. അച്ചന്‍കോവില്‍, പമ്ബ, പെരിയാര്‍ നദികളിലാണ് പുതിയ ഡാമുകള്‍ നിര്‍മിക്കുക. ആദ്യഘട്ടത്തില്‍ 5 സ്ഥലം കണ്ടെത്തി. കൂടുതല്‍ കണ്ടെത്താനുള്ള പഠനം പുരോഗമിക്കുകയാണ്. കഴിഞ്ഞവര്‍ഷവും ഈ വര്‍ഷവുമുണ്ടായ പ്രളയങ്ങളുടെ പശ്ചാത്തലത്തിലാണ് ഡാമുകള്‍ സ്ഥാപിക്കുന്നതിന്റെ സാധ്യത ആരായാന്‍ ജലവകുപ്പ് തീരുമാനിച്ചത്. മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് 5 സ്ഥലങ്ങളിലെ സാധ്യത വിലയിരുത്തിയത്. പ്രളയം നിയന്ത്രിക്കാന്‍ കേരളത്തില്‍ കൂടുതല്‍ ഡാമുകള്‍ നിര്‍മിക്കണമെന്ന് നേരത്തേ കേന്ദ്ര ജലകമ്മിഷനും നിര്‍ദേശിച്ചിരുന്നു.