ബെംഗളൂരു: വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയത്തിനുള്ള ശ്രമം ഉപേക്ഷിച്ചിട്ടില്ലെന്ന് ഐഎസ്‌ആര്‍ഒ. ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തില്‍ ഇപ്പോള്‍ ഇരുട്ടാണ്. എന്നാല്‍ ചന്ദ്രനില്‍ വീണ്ടും പകല്‍ വരുമ്ബോള്‍ ബന്ധം പുനസ്ഥാപിക്കാനുള്ള ശ്രമം തുടരും. ചന്ദ്രന്‍റെ ഭ്രമണപഥത്തില്‍ ചുറ്റുന്ന ഓര്‍ബിറ്റര്‍ നല്ല നിലയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും ഐഎസ്‌ആര്‍ഒ ചെയര്‍മാര്‍ ഡോ കെ ശിവന്‍ വ്യക്തമാക്കി.

ഏറെ ദിവസങ്ങള്‍ക്ക് ശേഷം ബന്ധം പുനസ്ഥാപിക്കാനുള്ള ശ്രമം അങ്ങേയറ്റം ശ്രമകരമായിരിക്കും. എങ്കിലും അതിനായുള്ള ശ്രമങ്ങള്‍ തുടരുമെന്നും ഐഎസ്‌ആര്‍ഒ അധികൃതര്‍ വ്യക്തമാക്കി.ദക്ഷിണ ധ്രുവത്തില്‍ ഇടിച്ചിറങ്ങിയതിനാല്‍ ലാന്‍ഡറിന് ഉള്ളിലുള്ള ഭാഗങ്ങള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടില്ലെന്ന് ഉറപ്പ് പറയാന്‍ ആകില്ല. ചന്ദ്രന്‍റെ പ്രതലത്തില്‍ സഞ്ചരിച്ച്‌ ഗവേഷണം നടത്താന്‍ നിശ്ചയിച്ച്‌ റോവര്‍ ലാന്‍ഡറിനുള്ളിലാണ് ഉള്ളത്. അതേസമയം നേരത്തേ ലാന്‍ഡര്‍ ഇടിച്ചിറങ്ങിയ പ്രതലത്തിന്‍റെ ചിത്രം പകര്‍ത്തിയ നാസയുടെ പേടകത്തിനും ലാന്‍ഡറിനെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

സപ്തംബര്‍ ഏഴിനാണ് വിക്രം ലാന്‍ഡര്‍ ചന്ദ്രനിലെ ദക്ഷിണ ധ്രുവത്തില്‍ സോഫ്റ്റ് ലാന്‍റിങ്ങ് നടത്താനിരുന്നത്. എന്നാല്‍ ചന്ദ്രനില്‍ നിന്ന് 2.1 കിലോമീറ്റര്‍ അകലെ വെച്ച്‌ വിക്രം ലാന്‍ഡറില്‍ നിന്നുള്ള സിഗ്നല്‍ നഷ്ടമാവുകയായിരുന്നു. ഇതോടെ വിക്രമുമായുള്ള ബന്ധം വീണ്ടെടുക്കാനുള്ള തീവ്ര ശ്രമത്തിലായിരുന്നു ഐഎസ്‌ഐര്‍ഒ.എന്നാല്‍ സപ്റ്റംബര്‍ 21 ന് പേടകത്തിന്‍റെ പ്രവര്‍ത്തന കാലാവധിയായ ചന്ദ്രനിലെ ഒരു പകല്‍ ദിനം അവസാനിച്ചിരുന്നു.

സൂര്യപ്രകാശത്തിന്‍റെ സാന്നിധ്യത്തില്‍ പ്രവര്‍ത്തിക്കാനുള്ള 14 ദിവസത്തെ ആയുസ് മാത്രമാണ് വിക്രം ലാന്‍ഡറിന് ഉള്ളത്. ഇത്രയും ദിവസത്തോളം വിക്രം ലാന്‍ഡറിന് ചന്ദ്രനിലെ ഇരുട്ടില്‍ നിലനില്‍ക്കാന്‍ കഴിയില്ല.സൂര്യ പ്രകാശമില്ലേങ്കില്‍ വിക്രമിലെ സോളാര്‍ പാനലുകള്‍ പ്രവര്‍ത്തിക്കില്ല. ഇവിടെ താപനില മൈനസ് 183 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴ്ന്ന് പോയേക്കും. ഈ താപനില ലാന്‍ഡര്‍ വിക്രമിന് അതിജീവിക്കാന്‍ കഴിയാത്തത്ര തണുപ്പായിരിക്കും.