കോട്ടയം: പാലാ തെരഞ്ഞെടുപ്പ് ഫലത്തിനു ശേഷം പാര്‍ട്ടി പതാക കത്തിച്ചതില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്. പതാക കത്തിച്ചതില്‍ പ്രതിഷേധിച്ച്‌ മുത്തോലി കവലയില്‍ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഡിസിസി പ്രസിഡന്‍റ് ജോഷി ഫിലിപ്പ്. ഉപതെരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്തം കേരള കോണ്‍ഗ്രസിനാണെന്ന് അദ്ദേഹം ആരോപിച്ചു.

തോല്‍വിക്ക് കാരണമായത് കേരള കോണ്‍ഗ്രസിലെ തര്‍ക്കവും തമ്മിലടിയുമാണ്. അതിന് കോണ്‍ഗ്രസിന്‍റെ മേല്‍ കുതിര കയറിയിട്ട് കാര്യമില്ലെന്നും ജോഷി ഫിലിപ്പ് പറഞ്ഞു. പതാക കത്തിക്കുകയും കോണ്‍ഗ്രസിന്‍റെ നേതാക്കളെ അസഭ്യം പറയുകയും ചെയ്യുന്നത് കേരള കോണ്‍ഗ്രസിന്‍റെ സംസ്കാര ശൂന്യതയാണ് വെളിവാക്കുന്നതെന്നും ജോഷി ഫിലിപ്പ് ആരോപിച്ചു.