തിരുവനന്തപുരം: വന്‍ കവര്‍ച്ചാ സംഘത്തെ വലവിരിച്ച്‌ അകത്താക്കിയ കേരള പൊലീസ് സേനയിലെ ഉദ്യോഗസ്ഥര്‍ക്ക് പുരസ്‌കാരം. തലസ്ഥാനത്ത് വീടുകളും കടകളും കുത്തിത്തുറന്ന് പണവും സ്വര്‍ണവും കമ്ബ്യൂട്ടറുകളും സി.സി ടിവി കാമറാ യൂണിറ്റുകളും കൊള്ളയടിക്കാനെത്തിയ സംഘത്തെ പിടികൂടിയ 35 പൊലീസുകാര്‍ക്കാണ് മികച്ച സേവനത്തിനുള്ള ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കുന്നത്.

കണ്‍ട്രോള്‍ റൂം ഇന്‍സ്പെക്ടര്‍ ഡി.കെ. പൃഥ്വിരാജിന്റെ നേതൃത്വത്തിലായിരുന്നു സേനയുടെ അരിച്ചുപെറുക്കല്‍. ശംഖുംമുഖം പുതുവല്‍ പുത്തന്‍വീട്ടില്‍ രാജേഷ് (35)​,​ കണ്ണാന്തുറ പോളിഹൗസില്‍ ജിതിന്‍ (ബോംബ് ജിതിന്‍-24)​ എന്നിവരാണ് പിടിയിലായത്. മെഡിക്കല്‍കോളേജ്,​ ശ്രീകാര്യം,​ വഞ്ചിയൂര്‍,​ കണ്‍ട്രോള്‍റൂം,​ മൊബൈല്‍ പട്രോള്‍,​ സ്ട്രൈക്കര്‍,​ ഹൈവേ പട്രോള്‍ പൊലീസ് സംഘങ്ങള്‍ അതിസാഹസികമായി കവര്‍ച്ചാസംഘത്തിന്റെ പിന്നാലെ പാഞ്ഞാണ് അവരെ വലയിലാക്കിയത്. തെരച്ചിലിനിടെ മതിലിടിഞ്ഞു വീണ് കണ്‍ട്രോള്‍ റൂം അഡി.എസ്.ഐ സുരേഷിനും പൊലീസ് ഡ്രൈവര്‍ക്കും പൊലീസിന് സഹായിയായെത്തിയ യൂബര്‍ ഈറ്റ്സ് ജീവനക്കാരന്‍ ബീമാപള്ളി സ്വദേശി സുഹൈലിനും പരിക്കേറ്റിരുന്നു.

പൊലീസ് സംഘം പോങ്ങുംമൂട് മുതല്‍ കൊച്ചുള്ളൂര്‍ വരെ അരിച്ചുപെറുക്കി തിങ്കളാഴ്ച വെളുപ്പിന് നടത്തിയ തെരച്ചിലിലാണ് കവര്‍ച്ചാസംഘം പിടിയിലായത്. ഇവര്‍ക്കെല്ലാം തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറുടെ പുരസ്കാരം നല്‍കാനാണ് തീരുമാനം. പുരസ്കാരം ലഭിക്കുന്നവരില്‍ ഇന്‍സ്പെക്ടര്‍ മുതല്‍ ഡ്രൈവര്‍മാര്‍ വരെയുണ്ട്.