കൊച്ചി: സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രിത സ്ഫോടനത്തിലൂടെ മരടില്‍ ഫ്ലാറ്റുകള്‍ പൊളിക്കാനുള്ള നഗരസഭാ നീക്കത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍. മരടില്‍ പരിസരവാസികള്‍ ജനകീയ കണ്‍വന്‍ഷനും തുടര്‍ന്നു പ്രക്ഷോഭവും സംഘടിപ്പിക്കാനാണ് ഒരുങ്ങുന്നത്. ഫ്ലാറ്റ് പൊളിക്കാന്‍ തീരുമാനിച്ചശേഷം തുടര്‍ച്ചയായ ദിവസങ്ങളില്‍ നാട്ടുകാര്‍ നഗരസഭയില്‍ എത്തുകയും ആശങ്ക അറിയിക്കുകയും ചെയ്തു. എന്നാല്‍ ഫ്ലാറ്റ് പൊളിക്കാനുള്ള കരാര്‍ നടപടികള്‍ പൂര്‍ത്തിയായ ശേഷം പരിസരവാസികളുമായി കാണാമെന്നു നഗരസഭാ സെക്രട്ടറി സ്നേഹില്‍ കുമാര്‍ ഉറപ്പുനല്‍കി.

മരടില്‍ ഫ്ലാറ്റുകള്‍ പൊളിക്കുമ്ബോള്‍ പരിസരത്തുള്ള ആറായിരത്തോളം വീടുകളെ ബാധിക്കുമെന്നാണു പരിസരവാസികള്‍ പറയുന്നത്. ചെറിയ വെടിക്കെട്ടിലും ചില്ല് തകരുന്ന വീടുകളാണു ചുറ്റിലുമുള്ളത്. ഫ്ലാറ്റിലുള്ളവര്‍ ഒഴിഞ്ഞുപോയാലും നാട്ടുകാരുടെ കാര്യത്തില്‍ എന്തു ചെയ്യുമെന്നതില്‍ ഇതുവരെയും തീരുമാനമായിട്ടില്ല. ഈ സാഹചര്യത്തിലാണു പരിസരവാസികളെ സംഘടിപ്പിച്ച്‌ വന്‍ പ്രക്ഷോഭം നടത്തുമെന്നു നാട്ടുകാര്‍ പറയുന്നത്. വരും ദിവസങ്ങളില്‍ എംഎല്‍എയെയും സര്‍ക്കാര്‍ പ്രതിനിധികളെയും കണ്ടു പരാതി നല്‍കും. സര്‍ക്കാരില്‍നിന്നു കൃത്യമായ ഉറപ്പ് ലഭിക്കാതെ ഫ്ലാറ്റ് പൊളിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടാണ് ഉള്ളതെന്നു പരിസരവാസിയായ സുധീഷ് പറഞ്ഞു.