മുംബൈ:ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്ബരയില്‍ ഋഷഭ് പന്തിന് പകരം വൃദ്ധിമാന്‍ സാഹയാണ് വിക്കറ്റ് കീപ്പറെന്ന് ക്യാപ്റ്റന്‍ വിരാട് കോലി വ്യക്തമാക്കിക്കഴിഞ്ഞു. ഒക്ടോബര്‍ രണ്ടു മുതല്‍ തുടങ്ങുന്ന ടെസ്റ്റ് പരമ്ബരയ്ക്ക് മുമ്ബ് നടന്ന വാര്‍ത്താസമ്മേളനത്തിലാണ് കോലി ഇക്കാര്യം വ്യക്തമാക്കിയത്. ഈ വാര്‍ത്താസമ്മേളനത്തില്‍ കോലി വൃദ്ധിമാന്‍ സാഹയെ വിശേഷിപ്പിച്ചത് ലോകത്തെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ എന്നാണ്.

‘സാഹ ഫിറ്റ്‌നെസ് വീണ്ടെടുത്തു. കളിക്കാന്‍ തയ്യാറാണ്. പരമ്ബരയില്‍ സാഹയാണ് ഇന്ത്യക്ക് വേണ്ടി വിക്കറ്റ് കീപ്പറായി ആദ്യ മത്സരത്തിനിറങ്ങുക. അദ്ദേഹത്തിന്റെ വിക്കറ്റ് കീപ്പിങ് കഴിവുകള്‍ എല്ലാവര്‍ക്കും അറിയാവുന്നതാണ്. എപ്പോഴെല്ലാം അവസരം ലഭിച്ചിട്ടുണ്ടോ ആ സമയത്തെല്ലാം ബാറ്റുകൊണ്ട് മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ട് സാഹ. അതിനിടയില്‍ പരിക്കേറ്റ് പുറത്തായത് സാഹയ്ക്ക് തിരിച്ചടിയായി. എന്നെ സംബന്ധിച്ച്‌ സാഹ ലോകത്തെ മികച്ച വിക്കറ്റ് കീപ്പര്‍ ആണ്. ഈ സാഹചര്യത്തില്‍ സാഹയാണ് ഇന്ത്യക്ക് വേണ്ടി ആദ്യ ടെസ്റ്റില്‍ കളിക്കുക’. കോലി വ്യക്തമാക്കി.

വെസ്റ്റിന്‍ഡീസിനെതിരായ ഇന്ത്യന്‍ സ്‌ക്വാഡില്‍ വൃദ്ധിമാന്‍ സാഹയുണ്ടായിരുന്നു. പക്ഷേ രണ്ട് ടെസ്റ്റിലും പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെട്ടില്ല. ടീം മാനേജ്‌മെന്റ് ഋഷഭ് പന്തിനാണ് അവസരം നല്‍കിയത്. 2018 ജനുവരിയില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരേയാണ് സാഹ അവസാന ടെസ്റ്റ് കളിച്ചത്. പിന്നീട് തോളിനേറ്റ പരിക്കിനെ തുടര്‍ന്ന് വിട്ടുനില്‍ക്കുകയായിരുന്നു. പരിക്ക് മാറി തിരിച്ചെത്തിയ സാഹ മൈസൂരുവില്‍ ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ അനൗദ്യോഗിക ടെസ്റ്റിലും വിജയ് ഹസാരെ ട്രോഫിയിലും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഇതുവരെയായി 32 ടെസ്റ്റ് കളിച്ചിട്ടുണ്ട്.