ആലപ്പുഴ: ലോകത്തിന്റെ സൗന്ദര്യം ഒരു ദിവസമെങ്കിലും കൂടുതലായി ആസ്വദിക്കുവാന്‍ ലഭിക്കുന്ന ഭാഗ്യമാണ് വാര്‍ദ്ധക്യമെന്ന് ജില്ലാ കളക്ടര്‍ ഡോ:അദീലാ അബ്ദുള്ള. പ്രായം തളര്‍ത്താത്ത മനസ്സാണ് വയോജനങ്ങള്‍ക്ക് വേണ്ടത്. മനസ്സിനിണങ്ങുന്ന തരത്തില്‍ ജീവിക്കുകയും തുറന്ന കണ്ണുകളോട് കൂടി ലോകത്തെ നോക്കിക്കാണുകയും ചെയ്താല്‍ വാര്‍ദ്ധക്യ കാലത്തും ജീവിതം മനോഹരമാക്കാന്‍ സാധിക്കുമെന്നും കളക്ടര്‍ പറഞ്ഞു. ലോക വയോജന ദിനാഘോഷത്തിന്റെ ഭാഗമായി ആലപ്പുഴ ടൗണ്‍ ഹാളില്‍ നടന്ന ജില്ലാതല പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
വയോജന ദിനാഘോഷത്തിന്റെ ഭാഗമായി മുതിര്‍ന്ന ഫോട്ടോഗ്രാഫര്‍ വി.കെ ഷേണായിയെ കളക്ടര്‍ ആദരിച്ചു. ഇദ്ദേഹത്തിന്‍െറ പഴയകാല ഫോട്ടോ ശേഖരങ്ങളുടെ പ്രദര്‍ശനവും ടൗണ്‍ഹാളില്‍ ഒരുക്കിയിരുന്നു. പഴമയുടേയും പുതിയ കാലത്തിന്റേയും വ്യത്യസ്തതകള്‍ വരച്ചുകാട്ടുന്ന ചിത്രങ്ങളുടെ പ്രദര്‍ശനം ഏറെ ശ്രദ്ധേയമായി. സബ്ബ് ജഡ്ജും ജില്ലാ നിയമ സേവന അതോറിറ്റി സെക്രട്ടറിയുമായ ഡി.ഉദയകുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ചന്ദ്രഹാസന്‍ വടുതല, ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ സാബു ജോസഫ്, എന്‍. ഗുരുപ്രസാദ്, മധു പോള്‍, ജയന് സി ദാസ്, എം.സി ജിന്‍സ തുടങ്ങിയവര്‍ പങ്കെടുത്തു. സാമൂഹ്യ നീതി വകുപ്പിന്റേയും സാമൂഹ്യ സുരക്ഷാ മിഷന്റേയും സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.