എന്തിരന്‍ 2 വിന് ശേഷം ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കമല്‍ഹാസന്‍ നായകനായി എത്തുന്ന ‘ഇന്ത്യന്‍ 2’. ശങ്കര്‍ തന്നെ സംവിധാനം ചെയ്ത് 1996 ല്‍ പുറത്തിറങ്ങിയ ‘ഇന്ത്യന്‍’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. നേരത്തേ പുറത്തുവിട്ട ‘ഇന്ത്യന്‍ 2’വിന്റെ ഫസ്റ്റ്‌ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ എത്തുന്നത് ബോളിവുഡ് താരം അനില്‍ കപൂര്‍ ആണെന്ന വാര്‍ത്തയാണ്.

 

സംവിധായകന്‍ ശങ്കറും അനില്‍ കപൂറും ഒന്നിച്ച്‌ നില്‍ക്കുന്ന ഫോട്ടോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. ഈ ഫോട്ടോ ആണ് താരം ചിത്രത്തിലെത്തുന്നു എന്ന വാര്‍ത്തകള്‍ക്ക് കാരണം. അതേസമയം ഇതേ കുറിച്ച്‌ അണിയറപ്രവര്‍ത്തകര്‍ ആരും പ്രതികരിച്ചിട്ടില്ല.

കാജല്‍ അഗര്‍വാള്‍, രാകുല്‍ പ്രീത് സിംഗ് എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. വിവേക്, ഡല്‍ഹി ഗണേഷ്, സമുദ്രക്കനി, നെടുമുടി വേണു, ബോബി സിംഹ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രം അടുത്ത വര്‍ഷം തീയ്യേറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.