ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞത് ചോദ്യം ചെയ്തുള്ള ഹര്ജികളില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതി നാല് ആഴ്ച സമയം അനുവദിച്ചു.

അതേസമയം കശ്മീരില്‍ മൊബൈല്‍, ഇന്റര്‍നെറ്റ് നിയന്ത്രണം ഒഴിവാക്കാന്‍ സാധ്യമല്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

സിപിഐഎം നേതാവ് തരിഗാമിയുടെ തടങ്കലിനെതിരെ ഉത്തരവുണ്ടാകണം എന്ന് സീതാറാം യെച്ചൂരി കോടതിയില്‍ ആവശ്യപ്പെട്ടു.

പ്രത്യേക പദവി റദ്ദാക്കിയത് ചോദ്യം ചെയ്തുള്ള ഓരോ ഹര്ജികളിലും വ്യത്യസ്ത വാദങ്ങള്‍ ആണെന്നും ഹര്ജികള്‍ക്ക് മറുപടി നല്‍കാന്‍ സമയം ആവശ്യമാണ് എന്നുമായിരുന്നു കേന്ദ്ര സര്‍ക്കാര്‍ വാദം.

ഇത് അംഗീകരിച്ചാണ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ഭരണ ഘടനാ ബെഞ്ച് 4 ആഴ്ച സമയം അനുവദിച്ചത്.

കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യത്തെ സിപിഐഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി എതിര്‍ത്തു. ജമ്മു കശ്മീര്‍ പുനഃ സംഘടന ഒക്ടോബര് 31ന് നടപ്പിലാകും.

ഇത് മുന്നില്‍ കണ്ട് കേസ് നീട്ടി കൊണ്ടുപോകാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമമെന്ന് തരിഗാമിയുടെ അഭിഭാഷകന്‍ രാജു രാമചന്ദ്രന്‍ വാദിച്ചു. കശ്മീരിന് പ്രത്യേക പദവി നല്‍കിയത് എതിര്‍ത്തു കൊണ്ടുള്ള പഴയ ഹര്ജികളുടെ തല്‍സ്ഥിതി വിവരങ്ങള്‍ നല്‍കാന്‍ കോടതി രജിസ്ട്രിക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

പ്രത്യേക പദവി റദ്ദാക്കിയതിന് എതിരായ ഹര്‍ജികള്‍ നവംബര്‍ 14ന് വീണ്ടും പരിഗണിക്കും. വിവിധ നിയന്ത്രങ്ങള്‍ ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ മൊബൈല്‍, ഇന്റര്‍നെറ്റ് നിയന്ത്രണങ്ങള്‍ ഒഴിവാക്കാന്‍ സാധ്യമല്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നിലപാട്.

നിയന്ത്രണങ്ങള്‍ ഒഴിവാക്കിയാല്‍ താഴ്വരയില്‍ വ്യാജ സന്ദേശങ്ങളുടെ പ്രളയം ഉണ്ടാകുമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത വാദിച്ചു.

യൂസഫ് തരിഗാമിയുടെ നിയമ വിരുദ്ധ തടങ്കല്‍ ചോദ്യം ചെയ്ത് സീതാറാം യെച്ചൂരി നല്‍കിയ ഹര്‍ജിയും കോടതി കേട്ടു.

തടങ്കല്‍ നിയമ വിരുദ്ധമെന്ന് ഉത്തരവ് ഉണ്ടായാല്‍ എന്താണ് നേട്ടമെന്ന് ജസ്റ്റിസ് എന്‍ വി രമണ ചോദിച്ചു. ഒരു രാഷ്ട്രീയ പ്രവര്‍ത്തകനായ തരിഗാമിക്ക് ഇത് ധാരാളമാണെന്നായിരുന്നു യെച്ചൂരിയുടെ അഭിഭാഷകന്റെ മറുപടി.