ബീജിങ്: അരമണിക്കൂറില്‍ അമേരിക്കയെ ഭസ്മമാക്കാന്‍ സാധിക്കുന്ന ഭൂഖണ്ഡാന്തര ബാസിറ്റിക് മിസൈലുമായി ചൈന.ഡി.എഫ്-41 എന്ന പേരുള്ള മിസൈല്‍ ലോകത്തിലെ ഉഗ്ര ശേഷിയുള്ള ബാലിസ്റ്റിക് മിസൈലാണെന്നാണ് റിപ്പോര്‍ട്ട്.

ഒരേസമയം 10 പോര്‍മുനകള്‍ വഹിക്കാന്‍ ശേഷിയുള്ള മിസൈലിന്റെ പ്രഹരണ പരിധി 15000 കിലോമീറ്ററാണ്. നിലവില്‍ ഇത്രയും പ്രഹരണശേഷിയുള്ള ഭൂഖണ്ഡാന്തര മിസൈലുകള്‍ ഒരു ലോകരാജ്യങ്ങളുടേയും പക്കലില്ല.

മാവോ സേ തുങ്ങിന്റെ നേതൃത്വത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ചൈനയില്‍ അധികാരം പിടിച്ചതിന്റെ 70-ാം വാര്‍ഷികത്തില്‍ നടത്തിയ ദേശീയ ദിന പരേഡിലാണ് തങ്ങളുടെ പുതിയ ആയുധം ചൈന ലോകത്തിനുമുന്നില്‍ പ്രദര്‍ശിപ്പിച്ചത്.

ഒരുലക്ഷം സൈനികര്‍ അണിനിരന്ന പരേഡിന് അകമ്ബടിയായി 160 സൈനിക വിമാനങ്ങള്‍, 580 മിലിട്ടറി ഉപകരണങ്ങള്‍, 59 സൈനിക ബാന്‍ഡുകള്‍ എന്നിവയും ഉണ്ടായിരുന്നു. ദേശീയ ദിന പരേഡില്‍ ടാങ്കുകളും കവചിത വാഹനങ്ങളും തദ്ദേശിയമായി വികസിപ്പിച്ച സൂപ്പര്‍സോണിക് ഡ്രോണുകളും ചൈന പ്രദര്‍ശിപ്പിച്ചു.