കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പുറത്ത് വരുന്നത് വന്‍ അഴിമതി കഥകള്‍. കാരാര്‍ ആര്‍ഡിഎസിന് ലഭിക്കാന്‍ ടെന്‍ഡര്‍ തിരുത്തിയെന്ന് വിജിലന്‍സ് കണ്ടെത്തി. കുറഞ്ഞ തുക ക്വാട്ട് ചെയ്തിരുന്നത് ചെറിയാന്‍ വര്‍ക്കി കണ്‍സ്ട്രക്ഷന്‍സ് ആയിരുന്നു. എന്നാല്‍ . ആര്‍ഡിഎസ് ആദ്യം ക്വാട്ട് ചെയ്ത തുകയില്‍ നിന്ന് 13 ശതമാനം കുറവ് വരുത്തിയെന്നാണ് വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്.

കാരാര്‍ ആര്‍ഡിഎസിന് ലഭിക്കാനായി ടെന്‍ഡര്‍ രേഖയിലും ടെന്‍ഡര്‍ രജിസ്റ്ററിലും കൃത്രിമം നടത്തി എന്നതാണ് വിജിലന്‍സിന്റെ കണ്ടെത്തലിലുള്ളത്. ആര്‍ബിഡിസികെ യ്ക്കും കിറ്റ്‌കോയ്ക്കും ഉദ്യോഗസ്ഥര്‍ക്കും തിരിമറിയില്‍ പങ്കുണ്ടെന്നും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. പാലാരിവട്ടം മേല്‍പ്പാലത്തിന്റെ നിര്‍മ്മാണത്തിനും അനുബന്ധ ജോലികള്‍ക്കുമായി 47 കോടി രൂപയാണ് ആര്‍ഡിഎസ് ക്വാട്ട് ചെയ്തിരുന്നത്. ചെറിയാന്‍ വര്‍ക്കി കണ്‍സ്ട്രക്ഷന്‍സ് 42 കോടിയായിരുന്നു ക്വാട്ട് ചെയ്തത്.

വിജിലന്‍സിന്റെ കണ്ടെത്തല്‍ കോടതിയെ അറിയിച്ച ഘട്ടത്തില്‍ കരാറില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന് വ്യക്തമാണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. അതേസമയം പാലാരിവട്ടം പാലം അവിമതി കേസില്‍ അറസ്റ്റിലായ ടിഒ സൂരജ് സാമ്ബത്തിക തട്ടിപ്പ് നടത്തിയെന്ന് വിജിലന്‍സ് പുതിയ സത്യവാങ്മൂലം കഴിഞ്ഞ ദിവസം നല്‍കിയിരുന്നു.

പാലത്തിന്റെ നിര്‍മ്മാണം നടന്ന വര്‍ഷങ്ങളില്‍ ടിഒ സൂരജ് പല ബിനാമി പേരുകളിലും ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ടെന്നും വിജിലന്‍സ് കണ്ടെത്തിയിരുന്നു. 3.30 കോടി രൂപയാണ് ഭൂമി വാങ്ങാന്‍ വിനിയോഗിച്ചതെങ്കിലും ആധാരത്തില്‍ കാണിച്ചത് 1.4 കോടി രൂപ മാത്രമാണ് ഇതില്‍ രണ്ട് കോടി രൂപ കള്ളപ്പണമാണെന്ന് ചോദ്യം ചെയ്ത ഘട്ടത്തില്‍ ടിഒ സൂരജ് സമ്മതിച്ചു.