വാഷിങ്ടണ്‍: ഇറാനെതിരേ ലോകരാജ്യങ്ങള്‍ ഒന്നിച്ചില്ലെങ്കില്‍ എണ്ണവില സങ്കല്‍പ്പിക്കാന്‍ കഴിയാത്തത്രയും ഉയരങ്ങളിലെത്തുമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍. വിഷയത്തിന് സൈനികപരിഹാരത്തെക്കാള്‍ കൂടുതല്‍ രാഷ്ട്രീയപരിഹാരം തേടാനാണ് താന്‍ ശ്രമിക്കുന്നതെന്നും യു.എസ്. ചാനലായ സി.ബി.എസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

‘ഇറാനെ തടയാന്‍ ലോകം ശക്തവും ഉറച്ചതുമായ നടപടിയെടുക്കുന്നില്ലെങ്കില്‍ പ്രശ്നം ഇനിയും വഷളാകും. അത് ലോകത്തിന്റെ താത്പര്യങ്ങള്‍ക്കുതന്നെ ഭീഷണിയുയര്‍ത്തും. എണ്ണവിതരണം തടസ്സപ്പെടുകയും എണ്ണവില മുന്‍പുണ്ടാകാത്ത തരത്തില്‍ ഉയരത്തിലെത്തുകയുംചെയ്യും. ലോകത്തെ ആകെ എണ്ണവിതരണത്തില്‍ 30 ശതമാനവും പശ്ചിമേഷ്യയില്‍നിന്നാണ്. 20 ശതമാനം ആഗോളചരക്കുനീക്കവും ആഗോള ജി.ഡി.പി.യുടെ നാലുശതമാനവും പശ്ചിമേഷ്യയിലാണ്. ഈ മൂന്നുകാര്യങ്ങള്‍ക്കും തടസ്സമുണ്ടായാല്‍ അത് സൗദിക്കും മറ്റ് പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ക്കും മാത്രമല്ല, ആഗോള സമ്ബദ്‍വ്യവസ്ഥയുടെതന്നെ തകര്‍ച്ചയ്ക്ക് കാരണമാകും’ -സി.ബി.എസിന്റെ ’60 മിനിറ്റ്’ പരിപാടിയില്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു.

സൗദിയുടെ അരാംകോ എണ്ണപ്പാടങ്ങള്‍ക്കും സംസ്‍കരണശാലകള്‍ക്കും നേരെ സെപ്റ്റംബര്‍ 14-ന് യെമെനിലെ ഹൂതിവിമതര്‍ ആക്രമണം നടത്തിയതോടെ സൗദി എണ്ണയുത്പാദനം പകുതിയായി കുറച്ചിരുന്നു. ഇതോടെ അന്താരാഷ്ട്ര എണ്ണവിലയില്‍ വലിയ വര്‍ധനയാണുണ്ടായത്. തിങ്കളാഴ്ച ക്രൂഡ് ഓയില്‍ വില ബാരലിന് 19.5 ശതമാനം വര്‍ധിച്ച്‌ 71.95 ഡോളറിലെത്തി. ആക്രമണത്തിനുപിന്നില്‍ ഇറാനാണെന്നാണ് സൗദിയും യു.എസും ആരോപിക്കുന്നത്.

ഖഷോഗിയെ വധിക്കാന്‍ ഉത്തരവിട്ടിട്ടില്ല

മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയെ വധിക്കാന്‍ താന്‍ ഉത്തരവിട്ടിട്ടില്ലെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു. ”ഖഷോഗിയെ വധിക്കാന്‍ ഉത്തരവിട്ടിട്ടില്ല. കൊലപാതകത്തെ സംബന്ധിച്ച്‌ അറിവുമുണ്ടായിരുന്നില്ല. എന്നാല്‍, സൗദിയുടെ നേതാവെന്ന നിലയില്‍ ആ വധത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു” -അദ്ദേഹം പറഞ്ഞു.

സൗദി പൗരനും വാഷിങ്ടണ്‍ പോസ്റ്റ് കോളമിസ്റ്റുമായിരുന്ന ഖഷോഗി, 2018 ഒക്ടോബര്‍ രണ്ടിനാണ് ഈസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ കൊല്ലപ്പെട്ടത്. വധവുമായി ബന്ധപ്പെട്ട് മുഹമ്മദ് ബിന്‍ സല്‍മാന്റെ രണ്ട് ഉപദേശകരെ അറസ്റ്റുചെയ്തിരുന്നു.