ആവശ്യമായ സാധനങ്ങള്‍

മാമ്പഴം – ഒരു കിലോ
നല്ല പുളിയുള്ള മോര്/തൈര് – മുക്കാൽ ലിറ്ററോളം കരുതി വയ്ക്കുക. മോരിന്റെ പുളിപ്പനുസരിച്ച് ആവശ്യത്തിന് എടുക്കുക.
തേങ്ങ – ഒന്ന്.
പച്ചമുളക് – എരിവനുസരിച്ച് ആവശ്യമുള്ളത്ര.
ജീരകം – 2-3 സ്പൂൺ.
മഞ്ഞൾപ്പൊടി, ഉപ്പ്.
ഉലുവാപ്പൊടി – ഒരു സ്പൂൺ.
വറുത്തിടാനുള്ള വെളിച്ചെണ്ണ, കടുക്, മുളക്, കറിവേപ്പില, ഉലുവ.

ഉണ്ടാക്കുന്ന വിധം:

തേങ്ങയും പച്ചമുളകും ജീരകവും കൂടി വെള്ളം കഴിയാവുന്നത്ര കുറച്ചുചേർത്ത് വെണ്ണപോലെ അരച്ചെടുക്കുക.

തേങ്ങയിൽ ചേർത്ത പച്ചമുളകു കൂടാതെ വേറെ അഞ്ചാറു പച്ചമുളക് അമ്മിയിൽ വച്ച് ചതച്ചെടുക്കണം. അമ്മി ഇല്ലെങ്കിൽ മുളക് രണ്ടായി കീറിയെടുത്താൽ മതി. മിക്സിയിൽ ഇടാതിരിയ്ക്കുകയാണ് നല്ലത്.

മാമ്പഴം തൊലിയുരിച്ചെടുക്കുക.

ഒരു പാത്രത്തിൽ കുറച്ചു വെള്ളമെടുത്ത് മാമ്പഴത്തൊലി അതിലിട്ട് സത്തുമുഴുവൻ വെള്ളത്തിലേയ്ക്ക് പിഴിഞ്ഞെടുക്കുക. ഈ വെള്ളത്തിൽ മാമ്പഴം വേവിയ്ക്കാൻ വയ്ക്കുക. (വേറെ വെള്ളമൊഴിയ്ക്കേണ്ട). കട്ടിയുള്ള പാത്രമെടുക്കാൻ ശ്രദ്ധിയ്ക്കണം. അല്ലെങ്കിൽ അടിയിൽ‌ കരിഞ്ഞുപിടിച്ചെന്നു വരും. ആവശ്യത്തിന് ഉപ്പും മഞ്ഞൾ‍പ്പൊടിയും ചേർക്കുക. വേണമെങ്കിൽ സ്വല്പം മുളകുപൊടിയും ചേർക്കാം. കുറച്ചു കഴിയുമ്പോൾ വെള്ളം വറ്റി കുറുകിവരും. അപ്പോൾ തീ അണച്ചശേഷം മോരും അരച്ചുവച്ചിരിക്കുന്ന തേങ്ങയും ചേർക്കുക. കുറച്ചു കറിവേപ്പിലയും ചതച്ചുവച്ചിരിക്കുന്ന മുളകും ഇടുക. നന്നായി ഇളക്കിയശേഷം പുളിപ്പ് പാകത്തിനാണോ എന്ന് നോക്കുക. അതിനനുസരിച്ച് മോരിന്റെ അളവ് ക്രമീകരിക്കുക. എരിവ് പോരെങ്കിൽ പച്ചമുളകിന്റെ എണ്ണം കൂട്ടുക. എല്ലാം പാകത്തിന് ക്രമീകരിച്ചശേഷം വീണ്ടും തീകത്തിച്ച് ചെറുതീയിൽ കുറച്ചുനേരം അനക്കാതെ വയ്ക്കുക. ഇളക്കരുത്. മോര് നന്നായി പതഞ്ഞുവരുന്ന ഘട്ടത്തില്‍ വാങ്ങുക. തിളയ്ക്കരുത്.

വെളിച്ചെണ്ണയില്‍ കടുകും ഉലുവയും മുളകും(മുളക് പൊട്ടിയ്ക്കാതെ മുഴുവനായി ഇടുക) കറിവേപ്പിലയും വറുത്തിടുക. കടുകും കറിവേപ്പിലയുമൊക്കെ സാധാരണ ഇടുന്നതിനേക്കാള്‍ കൂടുതല്‍ ഇടുക.
കുറച്ചൊന്ന് ആറിയശേഷം ഉലുവാപ്പൊടി ചേര്‍ത്ത് നന്നായി ഇളക്കുക.

മാമ്പഴപ്പുളിശ്ശേരി റെഡിയായി!! ചൂടോടെ ഉപയോഗിക്കുന്നതിനേക്കാൾ കൂടുതൽ സ്വാദ് നന്നായി തണുത്താലാണ്. ഒരു ദിവസം പഴകിയാൽ സ്വാദ് പിന്നെയും കൂടും.