തിരുവനന്തപുരം: തിരുവനന്തപുരം മേയറും വട്ടിയൂര്‍ക്കാവിലെ ഇടത് പക്ഷ സ്ഥാനാര്‍ത്ഥിയുമായ വി.കെ പ്രശാന്തിനെതിരെ ബിജെപി സമരത്തില്‍. താല്‍ക്കാലിക നിയമനത്തില്‍ പ്രശാന്ത് അഴിമതി നടത്തിയെന്നും കോര്‍പ്പറേഷന്റെ ഭരണം സ്തംഭിപ്പിച്ചെന്നും ആരോപിച്ചാണ് ബിജെപി സമരം ആരംഭിച്ചിരിക്കുന്നത്. കോര്‍പ്പറേഷനില്‍ താത്ക്കാലിക നിയമനത്തില്‍ വ്യാപകമായ അഴിമതി നടത്തിയെന്നാരോപിച്ച്‌ ബിജെപി വിജിലന്‍സിന് പരാതി നല്‍കിയിരുന്നു.

അതോടൊപ്പം കോര്‍പ്പറേഷനില്‍ ഭരണം സ്തംഭിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു. മേയര്‍ സ്ഥാനാര്‍ത്ഥിയായതോടെ കോര്‍പ്പറേഷനിലെ ഭരണം കുത്തഴിഞ്ഞ അവസ്ഥയിലായെന്ന് ആരോപിച്ച്‌ ബിജെപി കൗണ്‍സിലര്‍മാര്‍ കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി. മേയര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കും വരെ തുടര്‍ സമരങ്ങളുണ്ടാകുമെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കി. ഡെപ്യൂട്ടി മേയറെ ചുമതല ഏല്‍പിക്കാതിരുന്നത് സി.പിഐ കസേര തട്ടിയെടുക്കുമെന്ന ഭയം കൊണ്ടാണന്ന് ധര്‍ണ ഉദ്ഘാടനം ചെയ്ത സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് പറഞ്ഞു.

അതേസമയം രാഷ്ട്രീയ പകപോക്കലാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്ന് ഇടതുപക്ഷം ആരോപിച്ചു. പ്രശാന്തിനെതിരായ ആക്ഷേപങ്ങള്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ളതാണെന്ന ഈ ആരോപണത്തെ എം.ടി രമേശ് എതിര്‍ത്തു. വട്ടിയൂര്‍ക്കാവില്‍ മത്സരിയ്ക്കാന്‍ മറ്റാര്‍ക്കും ധൈര്യം ഇല്ലാത്തത് കൊണ്ടാണ് പ്രശാന്തിനെ സിപിഎം മത്സരത്തിനിറക്കിയതെന്നും എം .ടി രമേശ് ആരോപിച്ചു.