ന്യൂഡല്‍ഹി: എസ്എന്‍സി ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിച്ചേക്കും.
2017 ആഗസ്റ്റ് 23 ന് മുഖ്യമന്ത്രി പിണറായി വിജയന്, മുന്‍ ഊര്‍ജ്ജസെക്രട്ടറി കെ. മോഹനചന്ദ്രന്, ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹോക്കോടതി വിധി ചോദ്യം ചെയ്താണ് സിബിഐ സുപ്രീംകോടതിയെ സമീപിച്ചത്.
ഉദ്യോഗസ്ഥരായിരുന്ന കസ്തൂരി രങ്ക അയ്യര്‍, ആര് ശിവദാസന്‍, കെ.ജി രാജശേഖരന് എന്നിവര്‍ വിചാരണ നേരിടണമെന്നും ഹൈക്കോടതി വിധിച്ചിരുന്നു അതിനെതിരെ ഈ ഉദ്യോഗസ്ഥര്‍ നല്കിയ ഹര്‍ജിയും സുപ്രീംകോടതിയ്ക്ക് മുന്നിലുണ്ട്.
സിബിഐയ്ക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍മേത്തയും പിണറായി വിജയന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന് ഹരീഷ് സാല്‍വെയും ഹാജരാകും.
ജസ്റ്റിസ് എന്‍.വി.രമണ അധ്യക്ഷനായ മൂന്നാം നമ്ബര്‍ കോടതിയാണ് കേസ് പരിഗണിക്കുക. എന്നാല്‍ രാവിലെ പത്തരമണിമുതല്‍ ജമ്മുകശ്മീര്‍ ഹര്‍ജികളാകും ആദ്യം പരിഗണിക്കുക. അതിനുശേഷമായിരിക്കും ലാവലിന്‍ കേസ് പരിഗണിക്കുന്നത്.
ലാവലിന്‍ കേസില്‍ വിശദമായ വാദം കേള്‍ക്കാന്‍ ബെഞ്ച് തീരുമാനിച്ചാല്‍ കേസ് മറ്റേതെങ്കിലും ദിവസത്തേയ്ക്ക് മാറ്റിവയ്ക്കും. കേസ് പരിഗണിക്കുകയാണെങ്കില്‍ അന്തിമവാദം കേള്‍ക്കല്‍ വേഗത്തിലാക്കാന്‍ സിബിഐ ആവശ്യപ്പെടുമെന്നാണ് റിപ്പോര്‍ട്ട്.
ഇടുക്കിയിലെ പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിനായി കനേഡിയന്‍ കമ്ബനിയായ എസ്എന്‍സി ലാവലിന്‍ കമ്ബനിയുമായി ഉണ്ടാക്കിയ കരാറില്‍ ക്രമക്കേട് നടന്നുവെന്നാണ് സിബിഐയുടെ കണ്ടെത്തല്‍.