ന്യൂഡല്‍ഹി: കര്‍ത്താര്‍പ്പൂര്‍ ഇടനാഴി ഉദ്ഘാടനത്തിനായുള്ള പാക്കിസ്ഥാന്റെ ക്ഷണം മന്‍മോഹന്‍സിംഗ് നിരസിച്ചു. സിഖ് മതവിശ്വാസികള്‍ക്കായുള്ള ഇടനാഴി ഉദ്ഘാടനത്തിനുള്ള ക്ഷണം മന്‍മോഹന്‍ സിംഗ് സ്വീകരിക്കില്ലെന്ന് കോണ്‍ഗ്രസ് വൃത്തം അറിയിച്ചതായി റിപ്പോര്‍ട്ട് . പാക്ക് വിദേശകാര്യമന്ത്രിയായ ഷാ മുഹമ്മദ് ഖുറേഷിയാണ് കര്‍ത്താര്‍പൂര്‍ ഇടനാഴി ഉദ്ഘാടനത്തിന് മന്‍മോഹന്‍സിംഗിനെ ക്ഷണിച്ചത്.

മന്‍മോഹന്‍ സിംഗ് ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും സിഖ് മതവിശ്വാസികള്‍ക്കിടയില്‍ ബഹുമാന്യനായ വ്യക്തിയായതിനാലാണ് ക്ഷണം എന്നാണ് ഖുറേഷി പറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കാതെ മന്‍മോഹന്‍സിംഗിനെ ക്ഷണിച്ച പാക്കിസ്ഥാന്‍ നടപടി നേരത്തെ ചര്‍ച്ചയായിരുന്നു. അതിനിടെ അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളില്‍ ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷ്ണര്‍ ഗൗരവ് അലുവാലിയയെ വിളിച്ചു വരുത്തി പാകിസ്ഥാന്‍ അതൃപ്തി അറിയിച്ചു.

കഴിഞ്ഞ ശനി, ഞായര്‍ ദിവസങ്ങളില്‍ പാകിസ്ഥാന്‍റെ പ്രകോപനത്തിന് കരസേന തിരിച്ചടി നല്‍കിയിരുന്നു. അതിര്‍ത്തിക്കപ്പുറത്ത് 13 വയസുകാരനടക്കം രണ്ടു പേര്‍ കൊല്ലപ്പെട്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ സേനയുടേത് പ്രകോപനമില്ലാതെയുള്ള പ്രതികരണമെന്നാണ് പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്.

നവംബര്‍ 9നാണ് കര്‍ത്താര്‍പൂര്‍ ഇടനാഴിയുടെ ഉദ്ഘാടനം തീരുമാനിച്ചിരിക്കുന്നത്. പാക് അധീന പഞ്ചാബിലെ കര്‍ത്താര്‍പൂരില്‍ ഗുരുനാനാക് സ്ഥാപിച്ച ഗുരുദ്വാരയും ഇന്ത്യയിലെ സിഖ് പുണ്യ സ്ഥലമായ ഗുരുദാസ് പൂരിലെ ഗുരുദ്വാരയും തമ്മില്‍ ബന്ധിപ്പിച്ച്‌ തീര്‍ഥാടകര്‍ക്ക് സന്ദര്‍ശനം സാധ്യമാക്കുന്ന ഇടനാഴിയാണ് കര്‍ത്താര്‍പൂര്‍. ഇടനാഴി വരുന്നതോടെ ഇന്ത്യയിലെ സിഖ് മതസ്ഥര്‍ക്ക് വിസയില്ലാതെ പാക്കിസ്ഥാനിലെ ഗുരുദ്വാരയിലേക്ക് സന്ദര്‍ശനം നടത്താനാവും. സിഖ് വിശ്വാസികളുടെ ആചാര്യനായ ഗുരു നാനാക്കിന്റെ 550ാം ജന്മവാര്‍ഷികം ആഘോഷിക്കുന്ന നവംബറില്‍ ഇടനാഴി പ്രാവര്‍ത്തികമാക്കാനാണ് ഉദ്ദേശിച്ചിരിക്കുന്നത്.