തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പുകള്‍ക്കുളള നാമനിര്‍ദ്ദേശപത്രികളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, മഞ്ചേശ്വരം, എറണാകുളം എന്നീ നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. മഞ്ചേശ്വരത്ത് 13 പേരും എറണാകുളത്ത് 11 പേരും വട്ടിയൂര്‍ക്കാവില്‍ പത്ത് പേരും പത്രിക നല്‍കിയിട്ടുണ്ട്. കോന്നിയില്‍ ഏഴ് പേരും അരൂരില്‍ ആറ് പേരുമാണ് മത്സരരംഗത്തുളളത്.

വട്ടിയൂര്‍ക്കാവില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മോഹന്‍കുമാറിന്റെ അപരനായി എ മോഹന്‍കുമാറും, ബിജെപി സ്ഥാനാര്‍ത്ഥി എസ് സുരേഷിന്റെ അപരനായി എസ് എസ് സുരേഷും പത്രിക നല്‍കിയിട്ടുണ്ട്. അരൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനു സി പുളിക്കലിന്റെ അപരനായി മനു ജോണ്‍ പി എയും പത്രിക സമര്‍പ്പിച്ചിട്ടുണ്ട്.

എറണാകുളത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനു റോയിക്കും യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി ജെ വിനോദിനും ഓരോ അപരന്‍മാരുണ്ട്. പത്രിക പിന്‍വലിക്കാനുള്ള അവസാന ദിനം വ്യാഴാഴ്ചയാണ്. അതിന് ശേഷമേ പൂര്‍ണ്ണമായ തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമാകൂ.