പ്രണയം നടിച്ചുള്ള മതപരിവർത്തനത്തിനെതിരെ താമരശ്ശേരി രൂപതയുട്ർ സർക്കുലർ. സ്നേഹം നടിച്ച് മതംമാറ്റുന്ന തീവ്രവാദ പ്രവർത്തനം നടക്കുന്നുവെന്നും മാതാപിതാക്കൾ ജാഗ്രത പുലർത്തണമെന്നും ആവശ്യപ്പെട്ടു കൊണ്ട് താമരശ്ശേരി രൂപതയുടെ മെത്രാൻ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ ഒപ്പിട്ട സർക്കുലറാണ് പുറപ്പെടുവിച്ചിരിക്കുന്നത്. വിശുദ്ധ കുർബാനമദ്ധ്യേ വായിക്കേണ്ടതാണെന്ന നിർദ്ദേശത്തോടെയായിരുന്നു സർക്കുലർ.
പത്തുവർഷം മുൻപ് മെത്രാൻ സമിതി ഇക്കാര്യത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നു. പ്രണയത്തിന്റെ മേൽക്കുപ്പായം അണിഞ്ഞ് മസ്തിഷ്ക പ്രക്ഷാളനത്തിലൂടെ നിർബന്ധിത മതപരിവർത്തനമാണ് ഇവിടെ നടക്കുന്നത്. ഒരു സമുദായത്തിനെതിരെ നടക്കുന്ന സംഘടിതമായ നീക്കങ്ങളെക്കുറിച്ച് സമുദായാംഗങ്ങൾ അജ്ഞരാകാൻ പാടില്ലെന്നും സർക്കുലറിൽ മുന്നറിയിപ്പ് നൽകുന്നു. പെൺകുട്ടികളെ ലക്ഷ്യം വച്ച് നടക്കുന്ന സമകാലീന സംഭവങ്ങളെപ്പറ്റി അഭിപ്രായ പ്രകടനം ഉണ്ടായാൽ മതസ്പർദ്ധയുടേയും കലാപത്തിന്റേയും കാര്യങ്ങൾ പറഞ്ഞ് നിശ്ശബ്ദരാക്കുന്ന പ്രവണതയാണ് ഉണ്ടാകുന്നതെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.
തീവ്രവാദ ഗ്രൂപ്പുകളിൽപെട്ടവർ പ്രത്യേക സമുദായത്തിൽപെട്ട പെൺകുട്ടികളെ പ്രണയം നടിച്ച് വളരെ ആസൂത്രിതമായി വലയിൽ വീഴ്ത്തുന്നതായി ദേശീയ അന്വേഷണ ഏജൻസി കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ നാലരവർഷത്തിനിടയിൽ കോഴിക്കോട് മലപ്പുറം ജില്ലകളിലെ നൂറ്റിപ്പത്തോളം യുവതികൾ തീവ്രവാദ ഗ്രൂപ്പുകളിലൂടെ മതപരിവർത്തനത്തിന് വിധേയമായിട്ടുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. മൊബൈൽ ഫോൺ ചിത്രങ്ങളെടുത്തും അനാശാസ്യത്തിന് പ്രേരിപ്പിച്ചും ബ്ലാക്ക്മെയിലിംഗിലൂടെ ഭീഷണിപ്പെടുത്തിയും നടത്തുന്ന പ്രവർത്തനങ്ങളെ ജാഗ്രതയോടെ കാണാനും യഥാർത്ഥ ക്രൈസ്തവ വ്യക്തിത്വത്തെക്കുറിച്ച് ബോധവത്കരണം ഭവനങ്ങളിൽ നടത്താൻ ശ്രദ്ധിക്കണമെന്നും സർക്കുലറിൽ പറയുന്നു.
കോഴിക്കോട് ക്രിസ്ത്യൻ പെൺകുട്ടിയെ പ്രണയം നടിച്ച് ചതിയിൽ പെടുത്തിയും ഭീഷണിപ്പെടുത്തിയും മതപരിവർത്തനം നടത്താൻ ശ്രമിച്ച വാർത്ത പുറത്തു വന്നതിനെ തുടർന്ന് ഇരയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച്, ആസൂത്രിത മതപരിവർത്തനങ്ങൾക്കെതിരെ ക്രിസ്ത്യൻ സംഘടനകളുടെ പ്രതിഷേധ റാലിയും നടന്നിരുന്നു.