കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ അറസ്റ്റിലായ പൊതുമരാമത്ത് വകുപ്പ് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി ഒ സൂരജിനെതിരെ കൂടുതല്‍ തെളിവുകളുമായി വിജിലന്‍സ്. ടി.ഒ സൂരജ് ബിനാമി പേരില്‍ കള്ളപ്പണ നിക്ഷേപം നടത്തിയതായി വിജിലന്‍സ് പറയുന്നു. 2012-14 കാലയളവില്‍ എറണാകുളത്ത് 15 സെന്റ് സ്ഥലം മകന്റെ പേരില്‍ വാങ്ങിയതായും ഇതില്‍ രണ്ട് കോടി രൂപ കള്ളപ്പണമാണ് ഉപയോഗിച്ചതെന്ന് ടി ഒ സൂരജ് വെളിപ്പെടുത്തിയതായും വിജിലന്‍സ് പറയുന്നു. മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിന് സംഭവത്തില്‍ പങ്കുള്ളതായി സൂരജ് ആവര്‍ത്തിച്ചതായും വിജിലന്‍സ് പറയുന്നു.

അഴിമതിയില്‍ പൊതുമരാമത്ത് വകുപ്പ് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.ഒ സൂരജിന്റെ പങ്കാളിത്തം വ്യക്തമാണെന്നും വിജിലന്‍സിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു.

2012-14 കാലഘട്ടത്തില്‍ ടി.ഒ സൂരജ് പല ബിനാമി പേരുകളിലായി ഭൂമി വാങ്ങിക്കൂട്ടിയിയതായും 2014ല്‍ ഇടപ്പള്ളിയില്‍ മകന്റെ പേരില്‍ 15 സെന്റ് സ്ഥലവും വീടും വാങ്ങിയതായും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്.

3.30 കോടി രൂപയാണ് ഭൂമി വാങ്ങാന്‍ വിനിയോഗിച്ചതെങ്കിലും ആധാരത്തില്‍ 1.4 കോടി രൂപ മാത്രമാണ് കാണിച്ചത്. ഇതില്‍ രണ്ട് കോടി രൂപ കള്ളപ്പണമാണെന്ന് ചോദ്യം ചെയ്ത ഘട്ടത്തില്‍ ടി.ഒ സൂരജ് സമ്മതിച്ചുവെന്ന് വിജിലന്‍സ് സത്യവാങ്മൂലത്തില്‍ പറയുന്നു