വാഷിംഗ്ടണ്‍: അഞ്ച് രാജ്യങ്ങള്‍ക്കെതിരെ ഐക്യരാഷ്ട്രസഭയില്‍ പരാതിയുമായി സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തകയും നൊബേല്‍ ജേതാവുമായ ഗ്രേറ്റ തുന്‍ബര്‍ഗ്. അഞ്ച് ഭൂഗണ്ഡങ്ങളിലെ 16 കുട്ടികളാണ് ഐക്യരാഷ്ട്രസഭയില്‍ പരാതിയുമായി എത്തിയിരിക്കുന്നത്.
കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടത്തിന് കൂടുതല്‍ ശക്തിപകരുന്ന വിധത്തില്‍ നിയമങ്ങളില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ടാണ് ഗ്രേറ്റയുടെ നേതൃത്വത്തിലുള്ളവര്‍ ഐക്യരാഷ്ട്രസഭയെ സമീപിച്ചത്.
ഐക്യരാഷ്ട്ര സഭയില്‍ ‘ആഗോള കാലാവസ്ഥാ ഉച്ചകോടി’യില്‍ വിവിധ രാജ്യങ്ങള്‍ക്കെതിരെ ശക്തമായ വിമര്‍ശനം ഗ്രേറ്റ തന്റെ പ്രസംഗത്തില്‍ ഉന്നയിച്ചിതിന് പിന്നാലെയാണ് കൂടുതല്‍ പരാതിയുമായി സഭയെ സമീപിച്ചത്. ഗ്രേറ്റയുടെ പ്രസംഗം ആഗോളതലത്തില്‍ തന്നെ അന്ന് വലിയ തോതില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
അര്‍ജന്റീന, ബ്രസീല്‍, ഫ്രാന്‍സ്, തുര്‍ക്കി, ജര്‍മനി എന്നീ രാജ്യങ്ങള്‍ക്കതിരെയാണ് ഗ്രേറ്റ പരാതി നല്‍കിയിരിക്കുന്നത്. ‘ലോകത്ത് ഏറ്റവുമധികം പരിസ്ഥിതി നാശം സൃഷ്ടിക്കുന്ന രാജ്യങ്ങളാണിവയെന്ന്, കുട്ടികളുടെ അവകാശം സംബന്ധിച്ച യുഎന്‍ കണ്‍വെന്‍ഷനില്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഈ അഞ്ച് രാജ്യങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നതെന്ന് ഗ്രേറ്റ ചൊവ്വാഴ്ച ട്വീറ്റ് ചെയ്തു.