പട്ന: ബിഹാറിലെ പ്രളയത്തില്‍ കുടുങ്ങി മലയാളി കുടുംബങ്ങള്‍. പത്തിലധികം മലയാളി കുടുംബങ്ങളാണ് രാജേന്ദ്ര നഗറില്‍ മാത്രം കുടുങ്ങിക്കിടക്കുന്നത്. അധികാരികളെ സഹായത്തിനായി നിരന്തരം ബന്ധപ്പെടുന്നുണ്ടെങ്കിലും ഇതു വരെ ലഭിച്ചിട്ടില്ലെന്ന് ഇവര്‍ ആരോപിക്കുന്നു.

കഴിഞ്ഞ ദിവസം സമാനമായ സാഹചര്യത്തില്‍ കുടുങ്ങിപ്പോയ 24 മലയാളികളെ ദുരിതാശ്വാസ ക്യാമ്ബിലേക്ക് മാറ്റിയിരുന്നു. ഉത്തരേന്ത്യയില്‍ തുടരുന്ന മഴക്കെടുതിയില്‍ കഴിഞ്ഞ 72 മണിക്കൂറിനുള്ളില്‍ 127 പേരാണ് മരിച്ചത്. ബിഹാറില്‍ മാത്രം 29 പേര്‍ക്ക് ജീവന്‍ നഷ്ടമായെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

അടുത്ത 24 മണിക്കൂറിനുള്ളില്‍ ശക്തമായ മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. 300ഓളം ദുരിതാശ്വാസ ക്യാമ്ബുകള്‍ ബിഹാറില്‍ മാത്രം തുറന്നു. കിഴക്കന്‍ ഉത്തര്‍പ്രദേശിലും ശക്തമായ മഴ തുടരുകയാണ്. വെള്ളം കയറിയ പ്രദേശങ്ങളില്‍ നിന്ന് 5000ത്തോളം പേരെ രക്ഷപ്പെടുത്തി. പ്രദേശങ്ങളില്‍ കടുത്ത കുടിവെള്ള ക്ഷാമവും നേരിടുന്നുണ്ട്.