പൃഥ്വിരാജിന്‍റെ സംവിധാനത്തില്‍ അഭിനയിക്കാന്‍ ആഗ്രഹമെന്ന് വെളിപ്പെടുത്തി ചിരഞ്ജീവി.

‘സെയ്റാ നരസിംഹ റെഡ്ഡി’ എന്ന പുതിയ ചിത്രത്തിന്‍റെ പ്രചരണാര്‍ഥം സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കവേയാണ് ചിരഞ്ജീവി തന്‍റെ ആഗ്രഹം വ്യക്തമാക്കിയത്.

ഇനി തെലുങ്കില്‍ താന്‍ അഭിനയിക്കുന്ന അടുത്ത സിനിമ ലൂസിഫര്‍ ആണെന്നു വ്യക്തമാക്കിയ അദ്ദേഹം ലൂസിഫറിന്‍റെ പകര്‍പ്പവകാശം താന്‍ ചില നിര്‍മ്മാതാക്കള്‍ വഴി പൃഥ്വിരാജില്‍ നിന്നും വാങ്ങിയെന്നും പറഞ്ഞു.

മാത്രമല്ല ചിത്രത്തില്‍ പൃഥ്വിരാജ് ചെയ്ത റോളിലേയ്ക്ക് അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ താനില്ലെന്നും പകരം രാം ചരണ്‍ ആയിരിക്കും നല്ലതെന്ന് പൃഥ്വി പറഞ്ഞതായും ചിരഞ്ജീവി പറഞ്ഞു.

പൃഥ്വിരാജിന്‍റെ ആദ്യ ബോളിവുഡ് ചിത്രം ‘അയ്യാ’ (Aiyyaa) കണ്ടപ്പോള്‍ തന്നെ താന്‍ ശ്രദ്ധിച്ചിരുന്നുവെന്നും അതിനുശേഷം സുഹാസിനി വഴി പൃഥ്വിയെ സെയ്റയുടെ ഭാഗമാക്കാന്‍ ശ്രമം നടത്തിയെങ്കിലും ആ സമയത്ത് ഏതോ സിനിമയുടെ ഷൂട്ടിംഗിനായി പൃഥ്വി സ്പെയിനിലായിരുന്നതിനാല്‍ സെയ്റയില്‍ ഭാഗമാകാന്‍ കഴിഞ്ഞില്ലെന്നും ചിരഞ്ജീവി പറഞ്ഞു.