ഡല്‍ഹി: കുതിച്ചുയരുന്ന ഉള്ളിവിലയെ പിടിച്ചുനിര്‍ത്തുന്നതിന്‍റെ ഭാഗമായി കയറ്റുമതിക്ക് കേന്ദ്ര സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തി. ഉല്‍പ്പാദനത്തിലുണ്ടായ ഇടിവ് മൂലം രാജ്യത്ത് ഉള്ളിവിലയില്‍ വന്‍ വര്‍ധനവാണ് ഉണ്ടായത്.

പല സംസ്ഥാനങ്ങളിലും ഉള്ളിവില കിലോക്ക് 80നും മുകളിലാണ്. വിദേശ കയറ്റുമതിക്ക് നിരോധനമുള്ള വസ്തുക്കളുടെ പട്ടികയില്‍ ഉള്ളിയെ ഉള്‍പ്പെടുത്തി കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പ് ഉത്തരവിറക്കി.

പ്രധാന ഉള്ളി ഉത്പാദക സംസ്ഥാനങ്ങളായ കര്‍ണാടക, മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ബീഹാര്‍ എന്നിവിടങ്ങളിലെ മഴക്കെടുതിയാണ് സവാള വിലവര്‍ദ്ധനയ്‌ക്കു കാരണം. മുംബയിലും 70 മുതല്‍ 80 രൂപ വരെയാണ് സവാള വില. ബംഗളൂരുവിലും ചെന്നൈയിലും മാത്രമല്ല, കേരളത്തിലും വില 60 രൂപ വരെയായി. ആറുമാസത്തിനിടെ സവാള വിലയില്‍ കിലോയ്‌ക്ക് 25 രൂപയുടെ വര്‍ദ്ധന ഉണ്ടായിട്ടുണ്ട്.

വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ നാഫെഡ് ഉള്‍പ്പെടെ കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികള്‍ കരുതല്‍ ശേഖരത്തില്‍ നിന്ന് ഉള്ളി എത്തിച്ച്‌ കിലോയ്ക്ക് 22- 23 രൂപയ്ക്ക് വിപണിയിലെത്തിച്ചിട്ടുണ്ട്. സംഭരിച്ചു വച്ചിരുന്ന 56000 ടണ്‍ ഉള്ളിയില്‍ 16000 ടണ്‍ ഇതിനകം വിറ്റഴിച്ചതായാണ് കണക്ക്.