തിരുവനന്തപുരം: പി.എസ്.സി പരീക്ഷകള്‍ മലയാളത്തില്‍ നടത്തുന്നതുമായി ബന്ധപ്പെട്ട അനുബന്ധനടപടികളില്നിന്ന് സര്‍ക്കാറും പി.എസ്.സിയും പിന്നാക്കംപോകുന്നതായി ആരോപണം. തുടര്‍നടപടികള്‍ വൈകുന്നതിനെതിരെ ഐക്യമലയാള പ്രസ്ഥാനം വീണ്ടും സമരത്തിനൊരുങ്ങുന്നു. ഇതിെന്റ ആദ്യപടിയായി ഒക്ടോബര്‍ എട്ടിന് മാതൃഭാഷാ അവകാശപ്രഖ്യാപന കണ്വെന്ഷന് നടത്താനാണ് തീരുമാനം. സംയുക്ത സമരസമിതിയിലെ എല്ലാ സംഘടനകളെയും സമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചവരെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ആദ്യ സംസ്ഥാന കണ്‍വെന്‍ഷനാണ് എട്ടിന് തിരുവനന്തപുരം എം.എന്‍.വി.ജി ഹാളില്‍ നടക്കുക. ഇതിന് ശേഷമാകും സമരപരിപാടികളെക്കുറിച്ച് ആലോചിക്കുക.
പി.എസ്.സിയുടെ എല്ലാ പരീക്ഷകളും മലയാളത്തില്‍ നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചതിെന്റ പശ്ചാത്തലത്തിലാണ് ഈ മാസം 16ന് ഐക്യമലയാള പ്രസ്ഥാനത്തിെന്റ നേതൃത്വത്തിലുള്ള സംയുക്ത സമരസമിതി നടത്തിയ അവകാശസമരം താല്‍ക്കാലികമായി നിറുത്തിവെച്ചത്. എന്നാല്‍ ഘട്ടംഘട്ടമായി അല്ലാതെ ഒറ്റയടിക്ക് എല്ലാ പി.എസ്.സി പരീക്ഷകളും മലയാളത്തില്‍ ആക്കാന്‍ കഴിയില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് പി.എസ്.സി. നിലവില്‍ പ്ലസ് ടു യോഗ്യതയുള്ള പരീക്ഷകളെല്ലാം മലയാളത്തിലാണ് നടത്തുന്നതെങ്കിലും ബിരുദതലത്തിലെ പരീക്ഷകള്‍ ഇംഗ്ലീഷിലാണ്. സാങ്കേതികപദങ്ങള്‍ മലയാളത്തിലേക്ക് തര്‍ജമ ചെയ്യുന്നതിനുള്ള സാങ്കേതിക പ്രശ്നങ്ങളാണ് ഇക്കാര്യത്തില്‍ പി.എസ്.സി ചൂണ്ടിക്കാട്ടുന്നത്.
കൂടാതെ സര്വകലാശാലപരീക്ഷകള് ഇംഗ്ലീഷില്‍ നടത്തുമ്ബോള്‍ പി.എസ്.സിക്ക് മാത്രം മലയാളം നിര്‍ബന്ധമാക്കാന്‍ കഴിയില്ലെന്നും പി.എസ്.സി ചെയര്മാന് എം.കെ. സക്കീര്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചിരുന്നു.
ഈ ഘട്ടത്തില്‍ പി.എസ്.സി ചെയര്‍മാനെയും വൈസ് ചാന്‍സലര്‍മാരെയും ഉള്‍പ്പെടുത്തി യോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചെങ്കിലും നടപടിയുണ്ടായിട്ടില്ല. കൂടാതെ മലയാളത്തില്‍ പരീക്ഷ നടത്തുന്നതിന് വിജ്ഞാനഭാഷാനിഘണ്ടു ഉണ്ടാക്കാന്‍ വിദഗ്ധസമിതി രൂപവത്കരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയെങ്കിലും ഇക്കാര്യത്തിലും തുടര്‍ചര്‍ച്ചകള്‍ ഉണ്ടായില്ല.
പരീക്ഷ മലയാളത്തില്‍ നടത്തുമെന്ന് ഉറപ്പുനല്‍കിയ ശേഷം സര്‍ക്കാറും പി.എസ്.സിയും ഒത്തുകളിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. വാഗ്ദാന ലംഘനത്തിനാണ് ഭാവമെങ്കില്‍ ശക്തമായ സമരം നേരിടേണ്ടി വരുമെന്ന് പ്രതിപക്ഷനേതാവ് വാര്‍ത്തക്കുറിപ്പില്‍ പറഞ്ഞു.കേരള അഡ്മിനിസ്ട്രേറ്റിവ് സര്‍വിസ് പരീക്ഷ മലയാളത്തിലാക്കുമെന്ന് പറഞ്ഞെങ്കിലും ഇതുവരെ ഉത്തരവ് ഇറങ്ങിയിട്ടില്ലെന്നും ഇത് ഉദ്യോഗാര്‍ഥികളെ കൊഞ്ഞനംകാട്ടുന്നതിന് സമാനമാണെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ആരോപിച്ചു.