ന്യൂഡല്‍ഹി: മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന വിജയ താഹില്‍രമണിക്കെതിരെ സിബിഐ അന്വേഷണം. രഹസ്യാന്വേഷണ വിഭാഗത്തിന്റെ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ആണ് അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അനധികൃത നടപടികളുടെ പേരിലുള്ള ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. താഹില്‍ രമണി നടത്തിയ പണമിടപാടുകളും ബാങ്ക് രേഖകളും സി.ബി.ഐ പരിശോധിക്കും.

ചെന്നൈയിലെ ഈസ്റ്റ് കോസ്റ്റ് റോഡില്‍ നാല് കോടി വിലമതിക്കുന്ന രണ്ട് ആഡംബര ഫ്‌ളാറ്റുകള്‍ താഹില്‍രമണി സ്വന്തമാക്കിയതിനെ കുറിച്ച്‌ രഹസ്യാന്വേഷണ വിഭാഗം തങ്ങളുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതില്‍ ഒന്നര കോടി രൂപ ബാങ്ക് ലോണ്‍ ആയിരുന്നു. ബാക്കി തുകയുടെ സ്രോതസ്സ് സംബന്ധിച്ച വ്യക്തതവരുത്താന്‍ സാധിച്ചിട്ടില്ലെന്നാണ് ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഇത്തരത്തില്‍ വലിയ സാമ്ബത്തിക ക്രമക്കേടുകള്‍ താഹില്‍രമണിയുമായി ബന്ധപ്പെട്ട് നടന്നിട്ടുണ്ടെന്നും അനധികൃത സ്വത്ത് സമ്ബാദനമാണ് ഇതെന്നുമാണ് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിട്ടുള്ളത്.