തിരുവനന്തപുരം:2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം നിയോജക മണ്ഡലത്തില്‍ നിന്ന് ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് ക്രിക്കറ്റ് താരം ശ്രീശാന്ത്. കോണ്‍ഗ്രസ് എം.പി ശശി തരൂരിനെ പരാജയപ്പെടുത്തുമെന്നും താരം പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രീശാന്ത് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

‘പ്രതിസന്ധി ഘട്ടത്തില്‍ എന്റെ കൂടെ നിന്ന ഒരു വ്യക്തിയെന്ന നിലയില്‍ ഞാന്‍ അദ്ദേഹത്തിന്റെ വലിയ ആരാധകനാണെങ്കിലും 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വേണ്ടി മത്സരിച്ച്‌ അദ്ദേഹത്തെ തോല്‍പ്പിക്കുമെന്നും’ ശ്രീശാന്ത് പറഞ്ഞു.

ഐപിഎല്ലിലെ ഒത്തുകളി കേസില്‍ കുറ്റാരോപിതനായി ജയിലില്‍ കഴിഞ്ഞിരുന്ന നാളുകള്‍ വളരെ ദുസ്സഹമായിരുന്നെന്നും ശ്രീശാന്ത് അഭിമുഖത്തില്‍ പറഞ്ഞു. താന്‍ ഒത്തുകളി നടത്തിയിട്ടില്ലെന്ന് ശ്രീശാന്ത് ആവര്‍ത്തിച്ചു. നൂറ് കോടി രൂപ ലഭിച്ചാല്‍ പോലും താന്‍ അതു ചെയ്യില്ലെന്നും ശ്രീശാന്ത് പറഞ്ഞു.

‘ശാരീരികമായും മാനസികമായും വൈകാരികപരമായും തളര്‍ന്നുപോയ നാളുകളാണ് അത്. ജയിലിലായിരുന്ന നാളുകളില്‍ പുലര്‍ച്ചെ രണ്ടരയ്ക്കൊക്കെ ഉറക്കത്തില്‍നിന്ന് വിളിച്ചുണര്‍ത്തി പൊലീസ് ഉദ്യോഗസ്ഥര്‍ എന്നെ ചോദ്യം ചെയ്യാറുണ്ട്. മാനസികമായി ഏറെ ബുദ്ധിമുട്ട് അനുഭവപ്പെട്ട നാളുകളാണ് അത്,’ ശ്രീശാന്ത് പറഞ്ഞു.

സംഗീതം, സിനിമകള്‍, പുസ്തകങ്ങള്‍, വെബ്-സീരീസ്, ക്രിക്കറ്റ്, രാഷ്ട്രീയം എന്നിവയില്‍ നിന്ന് ധാരാളം നല്ല കാര്യങ്ങള്‍ സംഭവിക്കുന്നുണ്ടെന്നും ശ്രീശാന്ത് പറഞ്ഞു.

2013 ആഗസ്റ്റിലാണ് ശ്രീശാന്തിന് ബി.സി.സി.ഐ ആജീവനാന്തം വിലക്കേര്‍പ്പെടുത്തിയിരുന്നത്‌. വാതുവെപ്പ് ആരോപണവുമായി ബന്ധപ്പെട്ട് രാജസ്ഥാന്‍ റോയല്‍സ് ടീമംഗങ്ങളായ അജിത് ചന്ദില, അങ്കിത് ചവാന്‍ എന്നിവര്‍ക്കൊപ്പമാണ് ശ്രീശാന്തിനും വിലക്ക് ഏര്‍പ്പെടുത്തിയത്. ഈ വര്‍ഷം മാര്‍ച്ച്‌ 15 ന് സുപ്രീം കോടതി, ബി.സി.സി.ഐ അച്ചടക്ക സമിതിയുടെ ഉത്തരവ് റദ്ദാക്കിയിരുന്നു. തുടര്‍ന്ന് സസ്‌പെന്‍ഷന്‍ ഏഴു വര്‍ഷമായി ചുരുക്കിയിരുന്നു. അടുത്ത വര്‍ഷം ശ്രീശാന്ത് കളികളത്തില്‍ സജീവമായി തുടങ്ങും.

2016 മാര്‍ച്ചിലാണ് ശ്രീശാന്ത് ബി.ജെ.പിയില്‍ ചേര്‍ന്നത്. തുടര്‍ന്ന് നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് നിന്ന് മത്സരിച്ച്‌ പരാജയപ്പെട്ടിരുന്നു. ഇപ്പോഴത്തെ പ്രഖ്യാപനത്തിലൂടെ വീണ്ടും രാഷ്ട്രീയത്തില്‍ സജീവമാകുമെന്ന സൂചന നല്‍കിയിരിക്കുകയാണ് താരം.