ബിഹാര്‍: ഉത്തരേന്ത്യയില്‍ കനത്ത നാശം വിതച്ച്‌ വെള്ളപ്പൊക്കം. കനത്ത മഴയില്‍ ഗംഗാ നദി കരകവിഞ്ഞ് ഒഴുകിയതാണ് വെള്ളപ്പൊക്കത്തിന് കാരണം. ഇതുവരെ കനത്ത മഴയില്‍ ഉത്തരേന്ത്യയില്‍ മരിച്ചത് 48 പേരാണ്. മരണസംഖ്യ ഇനിയും കൂടാനാണ് സാധ്യത.

അതേസമയം വെള്ളപ്പൊക്കത്തില്‍ ബിഹാറില്‍ 25 മലയാളികളാണ് കുടുങ്ങി കിടക്കുന്നത്. പാറ്റ്നയിലെ രാജേന്ദ്ര നഗറിലാണ് മലയാളികള്‍ കുടുങ്ങി കിടക്കുന്നത്. ആശുപത്രി ജീവനക്കാരായ മലയാളികളാണ് ഇവിടെ കുടുങ്ങിക്കിടക്കുന്നത്. ഇവര്‍ താമസിച്ചിരുന്ന ഫ്ളാറ്റുകളുടെ ആദ്യനില വെള്ളത്തില്‍ മുങ്ങിയതിനാല്‍ കുട്ടികള്‍ ഉള്‍പ്പെടെ ഉള്ളവര്‍ പുറത്തിറങ്ങാന്‍ സാധിക്കാതെ കുടുങ്ങിയിരിക്കുകയാണ്. അതേ സമയം സംസ്ഥാന സര്‍ക്കാറിന്റെ പ്രതിനിധി എ സമ്ബത്ത് രാജേന്ദ്ര നഗര്‍ ഉള്‍പ്പെടുന്ന പ്രദേശത്തെ ജില്ലാ കളക്ടറുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്. ഇവരെ രക്ഷപ്പെടുത്താനുള്ള നടപടികള്‍ എത്രയും പെട്ടെന്ന് സ്വീകരിക്കണമെന്നും അദ്ദേഹം കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം വെള്ളപ്പൊക്കം ഇത്രയും രൂക്ഷമായിട്ടും ഇതുവരെ രക്ഷാപ്രവര്‍ത്തനം പോലും തുടങ്ങിയിട്ടില്ലെന്ന പരാതിയും ഉയരുന്നുണ്ട്. ഉത്തര്‍പ്രദേശിലും ബിഹാറിലുമാണ് ഇപ്പോള്‍ പ്രളയക്കെടുതി രൂക്ഷമായിരിക്കുന്നത്. ബിഹാറിലെ പാട്‌നയിലെ വിവിധ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. ഇത് രണ്ടാം തവണയാണ് ബിഹാറില്‍ ഇത്തരത്തിലൊരു പ്രളയം ഉണ്ടാകുന്നത്. അതേസമയം ബിഹാറില്‍ രണ്ട് ദിവസം കൂടി മഴ തുടരുമെന്നതിനാല്‍ സംസ്ഥാനത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.