അഹമ്മദാബാദ്: വിവാഹ വാര്‍ഷികത്തിന് ഒരു ദിവസം മുമ്ബ് 27കാരന്‍ ജീവനൊടുക്കി. താന്‍ എച്ച്‌ഐവി ബാധിതനാണെന്ന കാര്യം ഭാര്യയും ഭാര്യാ മാതാവും സഹോദരനും പരസ്യപ്പെടുത്തുമെന്ന് പറഞ്ഞ് പീഡിപ്പിച്ചതാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗുജറാത്തിലെ അഹമ്മദാബാദിലുള്ള അമ്രൈവാദിയിലാണ് സംഭവം. വീട്ടിലെ ഫാനില്‍ ഭാര്യയുടെ ഷാളുപയോഗിച്ചായിരുന്നു തൂങ്ങിമരിച്ചത്. യുവാവിന്റെ ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെടുത്തു.

താന്‍ എച്ച്‌ഐവി ബാധിതനാണെന്ന കാര്യം പുറത്ത് പറയുമെന്ന് പറഞ്ഞ് ഭാര്യയും ഭാര്യാ മാതാവും ഭാര്യാ സഹോദരനും ഭീഷണിപ്പെടുത്തുന്നതാണ് ജീവനൊടുക്കാന്‍ കാരണമെന്ന് യുവാവ് ആത്മഹത്യ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. യുവാവും ഭാര്യയുമായി കഴിഞ്ഞ 12 വര്‍ഷമായി ബന്ധത്തിലായിരുന്നെന്നും നാല് വര്‍ഷത്തിന് മുമ്ബാണ് വിവാഹിതരയാതെന്നും അദ്ദേഹം കുറിച്ചു. എച്ച്‌ഐവി ഉണ്ടെന്ന് അറിയിച്ച ശേഷമായിരുന്നു വിവാഹം നടന്നതെന്ന് യുവാവ് ആത്മഹത്യ കുറിപ്പില്‍ പറയുന്നു.

സംഭവത്തില്‍ യുവാവിന്റെ പിതാവ് പോലീസില്‍ പരാതി നല്‍കി. പിതാവിനെ മൂത്ത മകന്‍ ഫോണ്‍ചെയ്ത് ഇളയമകന്‍ ഫോണില്‍ മരണത്തിന് സൂചന നല്‍കുന്ന സ്റ്റാറ്റസ് ഇട്ടിട്ടുണ്ടെന്ന് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പിതാവ് ഇളയമകന്റെ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ ഇയാളെ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മകന്‍ എച്ച്‌ഐവി ബധിതനാണെന്ന കാര്യം ഭാര്യയോടും വീട്ടുകാരോടും പറഞ്ഞിരുന്നെന്നും സിവില്‍ ആശുപത്രിയില്‍ ചികിത്സ നടത്തി വരികയായിരുന്നെന്നും ഇദ്ദേഹം വ്യക്തമാക്കി.