തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടുകൂടെയുള്ള മഴയ്ക്ക് സാധ്യതയെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. 11 സെന്റിമീറ്റര്‍ വരെയുള്ള കനത്ത മഴയ്ക്കാണു സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിപ്പ് നല്‍കിയത്. ഈ സാഹചര്യത്തില്‍ വിവിധ ജില്ലകള്‍ക്ക് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

സെപ്തംബര്‍ 30ന് ഇടുക്കി, മലപ്പുറം വയനാട് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഈ ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്ടോബര്‍ ഒന്നിന് കൊല്ലം, ആലപ്പുഴ, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും ഒക്ടോബര്‍ രണ്ടിന് ഇടുക്കി, എറണാകുളം, മലപ്പുറം കോഴിക്കോട് ജില്ലകളിലും ഒക്ടോബര്‍ മൂന്നിന് ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും ശക്തമായ ഇടിമിന്നലോട് കൂടി മഴയുമുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്. ഈ ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം കന്യാകുമാരി തീരത്തു മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ അടുത്ത രണ്ടു ദിവസത്തേക്ക് മത്സ്യത്തൊഴിലാളികള്‍ ഈ ഭാഗങ്ങളിലേക്കു മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പുണ്ട്.

സംസ്ഥാനത്ത് ഉച്ചക്ക് 2 മണി മുതല്‍ വൈകിട്ട് 10 മണിവരെ ശക്തമായ ഇടിമിന്നലിനുള്ള സാധ്യത ഉണ്ടെന്നും ഈ ഇടിമിന്നല്‍ അപകടകാരികളാണെന്നും സംസ്ഥാന ദുരന്ത നിവാരണവകുപ്പ് മുന്നറിയിപ്പ് നല്‍കിട്ടുണ്ട്. ഇത്തരം ഇടിമിന്നല്‍ മനുഷ്യനും വെദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും കനത്ത നാശനഷ്ടം ഉണ്ടാകും.