കോട്ടയം: കുത്തകയായിരുന്ന മണ്ഡലത്തില്‍ തോല്‍വി ഏറ്റുവാങ്ങിയിട്ടും സംയമനം പാലിക്കാതെ പരസ്പരം ചെളി വാരിയെറിഞ്ഞ് കേരളാ കോണ്‍ഗ്രസിലെ ഇരുവിഭാഗവും. പാലായിലെ തോല്‍വിക്കുകാരണം ജോസ് ടോമിന്റെ നാക്കാണെന്ന് ജോസഫ് പക്ഷം വിമര്‍ശിച്ച് രംഗത്തെത്തി. ജോസ് കെ മാണിയുടെ ധിക്കാരവും കാരണമായെന്ന് സജി മഞ്ഞക്കടമ്ബന്‍ കുറ്റപ്പെടുത്തി.
ജോസഫിനെ അധിക്ഷേപിച്ചവരാണ് തോല്‍വിക്കു കാരണം. ജോസ് ടോമിന്റെ നാക്കും തിരിച്ചടിയായി സജി മഞ്ഞക്കടമ്ബന്‍ കുറ്റപ്പെടുത്തി. നേരത്തെ, പാലാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് തോറ്റതിന്റെ കാരണം പിജെ ജോസഫാണെന്ന് ജോസ് ടോം ആരോപിച്ചിരുന്നു.
ജോസഫിന്റെ അജന്‍ഡയാണ് പാലായില്‍ നടപ്പിലാക്കിയത്. രണ്ടില ചിഹ്നം ജോസഫിനോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും നല്‍കിയില്ലെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു. ഒരു എംഎല്‍എ കൂടി ഉണ്ടായാല്‍ ജോസ് വിഭാഗത്തിനു മേല്‍ക്കൈ ഉണ്ടാകും. അത് തടയുന്നതിനായാണ് പിജെ ജോസഫ് ശ്രമിച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടതില്‍ സന്തോഷിച്ചിരിക്കുന്ന മുഖഭാവമായിരുന്നു ജോസഫിന്. സംയമനം പാലിക്കാനുള്ള മര്യാദ പോലും മുതിര്‍ന്ന നേതാവില്‍ നിന്ന് ഉണ്ടായില്ലെന്നും ജോസ് ടോം കുറ്റപ്പെടുത്തി.
പിജെ ജോസഫ് വില്ലന്‍ തന്നെയാണെന്നതില്‍ സംശയമില്ലെന്നും നേതാവായി അംഗീകരിക്കില്ലെന്നും ജോസ് ടോം തുറന്നടിച്ചിരുന്നു. ഇതിനുള്ള മറുപടിയുമായാണ് ജോസഫ് പക്ഷം രംഗത്തെത്തിയത്.