നിമിഷ സജയനേയും രജിഷ വിജയനേയും നായികമാരാക്കി വിധു വിന്‍സന്‍റ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് സ്റ്റാന്‍റപ്പ്. സ്റ്റാന്‍റപ്പ് കോമഡി ചെയ്യുന്ന കീര്‍ത്തിയുടേയും സുഹൃത്തുക്കളുടേയും സൌഹൃദത്തിനിടയിലുണ്ടാവുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്‍റെ പ്രമേയം . ബി.ഉണ്ണികൃഷ്ണനും ആന്‍റോ ജോസഫും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഉമേഷ് ഓമനക്കുട്ടന്‍റെ തിരക്കഥയിലാണ് ചിത്രമൊരുങ്ങിയത്. ടോബിന്‍ തോമസ് ഛായാഗ്രഹണവും ക്രിസ്റ്റി സെബാസ്റ്റ്യന്‍ എഡിറ്റിംഗും നിര്‍വഹിച്ച ചിത്രത്തിന്‍റെ സംഗീത സംവിധാനം ചെയ്യുന്നത് വര്‍ക്കിയാണ്. നവംബറില്‍ ചിത്രം തിയേറ്ററുകളിലെത്തും

കവയിത്രി ബിലു പദ്മിനി നാരായണന്‍ ആദ്യമായി സിനിമക്കായി വരികളെഴുതുന്നു എന്ന പ്രത്യേകതയും സ്റ്റാന്‍റപ്പിനുണ്ട്. സൗണ്ട് ഡിസൈനര്‍ രംഗനാഥ് രവിയടക്കം സംസ്ഥാന സിനിമാ അവാര്‍ഡ് നേടിയ അഞ്ച് പേര്‍ ഒന്നിക്കുന്ന ചിത്രമാണ് സ്റ്റാന്‍റപ്പ്. അര്‍ജുന്‍ അശോക്, പുതുമുഖ താരം വെങ്കിടേശ്, സീമ, നിസ്താര്‍ സേഠ്, സജിത മഠത്തില്‍, ജോളി ചിറയത്ത്, രാജേഷ് ശര്‍മ്മ, സുനില്‍ സുഖദ, ജുനൈസ്, ദിവ്യാ ഗോപിനാഥന്‍ തുടങ്ങി ഒരു വന്‍ താര നിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.