കൊച്ചി: സുപ്രീംകോടതി ഉത്തരവ് പ്രകാരം മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കുന്നതിന്റെ ഭാഗമായി ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിച്ചു. സബ് കളക്ടര്‍ സ്നേഹില്‍ കുമാര്‍ ഫ്ലാറ്റ് ഉടമകളുമായി നടത്തിയ ചര്‍ച്ചയിലാണ് ഫ്ലാറ്റുകള്‍ ഒഴിയാന്‍ തയ്യാറാണെന്ന് ഉടമകള്‍ അറിയിച്ചത്. രാവിലെ മുതല്‍ ഫ്ലാറ്റ് ഉടമകള്‍ നടത്തിവന്ന നിരാഹാര സമരവും, പ്രതിഷേധ പരിപാടികളും ഇതോടെ അവസാനിപ്പിച്ചു. ഫ്ലാറ്റുകള്‍ ഒഴിയുന്ന 500 കുടുംബങ്ങള്‍ക്ക് താത്കാലിക പുനരധിവാസ കേന്ദ്രങ്ങള്‍ തയ്യാറാണെന്ന് സബ് കളക്ടര്‍ അറിയിച്ചു. ഇവരെ കൊച്ചി നഗരത്തിലെ വിവിധ ഫ്ലാറ്റുകളിലായിരിക്കും പുനരധിവസിപ്പിക്കുക. വീട്ടുപകരണങ്ങളും, മറ്റ് സാധനങ്ങളും മാറ്റാന്‍ സര്‍ക്കാര്‍ സഹായം നല്‍കും. നാല് ദിവസമെടുത്ത് ഒഴിപ്പിക്കല്‍ നടപടി പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. അതേസമയം ഫ്ലാറ്റുകളില്‍ നിന്നും ഒഴിയാത്ത ഉടമകളെ ബലപ്രയോഗത്തിലൂടെ ഇറക്കിവിടില്ലെന്നും സബ് കളക്ടര്‍ പറഞ്ഞു. നിയന്ത്രിത സ്ഫോടനങ്ങളിലൂടെ ഫ്ലാറ്റുകള്‍ പൊളിക്കാനാണ് തീരുമാനം.