ജയ്പൂര്‍: നാട്ടുകാരുടെ അവസരോചിതമായ ഇടപെടല്‍ 12പെണ്‍കുട്ടികളുടെ ജീവന്‍ രക്ഷിച്ചു. രാജസ്ഥാനിലെ ദുംഗര്‍പൂരിലെ പാലത്തില്‍നിന്ന് തെന്നിമാറിയ ലോറിയില്‍നിന്ന് സ്‌കൂള്‍ വിദ്യാര്‍ഥിനികളെ രക്ഷപ്പെടുത്തിയത് അതിസാഹസികമായി.

കഴിഞ്ഞദിവസം ദുംഗര്‍പൂരിലെ രാംപൂര്‍ പാലത്തിലായിരുന്നു അപകടം. കനത്ത മഴയെ തുടര്‍ന്ന് രാംപൂര്‍ പാലവും മുങ്ങിയിരുന്നു. ഇതിനാല്‍ സ്‌കൂളില്‍നിന്ന് മടങ്ങുകയായിരുന്ന 12വിദ്യാര്‍ഥിനികള്‍ പാലം കടക്കാനായി ലോറിയില്‍ കയറുകയായിരുന്നു. ലോറി പാലത്തിന്റെ മധ്യഭാഗത്ത് എത്തിയപ്പോഴേക്കും നിയന്ത്രണംവിട്ട് നദിയിലേക്ക് ചെരിയുകയായിരുന്നു.

ലോറിയുടെ മുന്‍ഭാഗം വെള്ളത്തില്‍ മുങ്ങിപ്പോയി. ഇതിനിടെ സംഭവസ്ഥലത്തുണ്ടായിരുന്ന നാട്ടുകാര്‍ കുത്തിയൊലിക്കുന്ന വെള്ളത്തിലൂടെ ലോറിക്ക് സമീപമെത്തി വിദ്യാര്‍ഥിനികളെ കരയ്‌ക്കെത്തിക്കുകയായിരുന്നു. ശക്തമായ ഒഴുക്കില്‍ വടംകെട്ടി മനുഷ്യച്ചങ്ങലപ്പോലെ നിന്നാണ് നാട്ടുകാര്‍ ഓരോ പെണ്‍കുട്ടികളെയും ലോറി ഡ്രൈവറെയും രക്ഷപ്പെടുത്തിയത്.