ഇന്ന് നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കം. കേരളത്തില്‍ കന്നിമാസത്തിലെ അമാവാസി കഴിഞ്ഞു വരുന്ന വെളുത്ത പക്ഷ പ്രഥമ മുതല്‍ നവമി വരെയുള്ള ദിവസങ്ങളാണ് നവരാത്രി ആഘോഷിക്കുന്നത്. ഒന്‍പത് ദിവസങ്ങളിലായി ഒന്‍പത് വ്യത്യസ്ത ഭാവങ്ങളില്‍ ദേവിയെ ആരാധിക്കുന്നു എന്നതാണ് നവരാത്രി സങ്കല്പം.

സരസ്വതി പൂജയും വിദ്യാരംഭവുമാണ് നവരാത്രി ദിനങ്ങളില്‍ കേരളത്തില്‍ പ്രധാനം. ബംഗാള്‍ അടക്കമുള്ള സ്ഥലങ്ങളില്‍ ആയുധ പൂജയ്ക്കാണ് പ്രാധാന്യം. മംഗലാപുരത്തിനടുത്തുള്ള കൊല്ലൂരിലെ മൂകാംബിക ക്ഷേത്രത്തിലാണ് ഏറ്റവും വലിയ നവരാത്രി ആഘോഷങ്ങള്‍ നടക്കുന്നത്. ദേവിയെ ആദ്യത്തെ മൂന്നു ദിവസം ദുര്‍ഗ്ഗയായും അടുത്ത മൂന്നു ദിവസം ലക്ഷ്മിയായും പിന്നീടുള്ള മൂന്നു ദിവസം സരസ്വതിയായും സങ്കല്പിച്ചാണ് പൂജയും ആഘോഷവും നടക്കുന്നത്.

നവരാത്രി ദിവസങ്ങളില്‍ സംഗീത, നൃത്ത മഹോത്സവങ്ങളും ക്ഷേത്രങ്ങളില്‍ അരങ്ങേറും. വിജയദശമി ദിനത്തിലെ വിദ്യാരംഭത്തോടെയാണ് നവരാത്രി സമാപിക്കുക. എറണാകുളത്തെ ചോറ്റാനിക്കര, പറവൂരിലെ ദക്ഷിണ മൂകാംബിക, കോട്ടയത്തെ പനച്ചിക്കാട്, തൃശ്ശൂരിലെ തിരുവുള്ളക്കാവ് എന്നീ ക്ഷേത്രങ്ങളില്‍ വലിയ പ്രാധാന്യത്തോടെയാണ് നവരാത്രി ആഘോഷങ്ങള്‍ കൊണ്ടാടുന്നത്.