മാണി സി കാപ്പന് വേണ്ടി മന്ത്രിസ്ഥാനം ഒഴിയേണ്ടി വരുമെന്ന സൂചന ഗതാഗതമന്ത്രി എകെ ശശീന്ദ്രന് സിപിഎം നല്‍കിയതായി സൂചന. മധ്യ തിരുവിതാകൂറില്‍ ഇടത് രാഷ്ട്രീയം കത്തിജ്വലിക്കാന്‍ മാണി സി കാപ്പന് മന്ത്രിസ്ഥാനം നല്‍കേണ്ടതുണ്ടെന്നാണ് സിപിഎം നിലപാട്. ഒന്നര വര്‍ഷത്തിന് ശേഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ പാലായില്‍ മാണി സി കാപ്പന് വിജയമൊരുക്കാന്‍ കൂടിയാണ് ഇത്. എലത്തൂരില്‍ നിന്നുള്ള ജനപ്രതിനിധിയാണ് ശശീന്ദ്രന്‍. ഇത് ഇടത് കോട്ടയാണ്. അതുകൊണ്ട് തന്നെ ശശീന്ദ്രന് രാഷ്ട്രീയം മുമ്ബോട്ട് കൊണ്ടു പോകാന്‍ മന്ത്രിസ്ഥാനത്തിന്റെ ആവശ്യമില്ലെന്നാണ് വിലയിരുത്തല്‍. അതിനിടെ മാണി സി.കാപ്പന്റെ വിജയത്തോടെ എന്‍.സി.പി.യില്‍ ഒരു അധികാരകേന്ദ്രംകൂടി രൂപപ്പെട്ടുവെന്നതാണ് യാഥാര്‍ത്ഥ്യം.

ജയിച്ചാല്‍ മന്ത്രി എന്ന പ്രചാരണമാണ് കാപ്പനുവേണ്ടി പാലായില്‍ നടത്തിയത്. ഈ പ്രചാരണത്തിന് സിപിഎമ്മും പ്രോത്സാഹനം നല്‍കി. ഇത് വോട്ടായി മാറുകയും ചെയ്തു. അതുകൊണ്ട് കൂടിയാണ് മാണി സി കാപ്പനെ മന്ത്രിയാക്കാന്‍ സിപിഎം തയ്യാറെടുക്കുന്നത്. പാലാക്കാരെ പറഞ്ഞു പറ്റിച്ചാല്‍ അടുത്ത തവണ ജയിക്കാന്‍ മാണി സി കാപ്പന് കഴിയില്ല. അതിനിടെ എന്‍ സി പിയിലും പ്രശ്‌നങ്ങള്‍ തുടങ്ങി കഴിഞ്ഞു. പാലായില്‍ വിജയം നേടിയതോടെ കാപ്പനെ പിന്തുണയ്ക്കുന്നവര്‍ പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായ രൂപവത്കരണത്തിനുള്ള പണി തുടങ്ങി. എന്‍.സി.പി. സംസ്ഥാന അധ്യക്ഷന്‍ തോമസ് ചാണ്ടിയക്കും മാണി സി കാപ്പന്‍ വെല്ലുവിളിയാണ്. തോമസ് ചാണ്ടിയെ മന്ത്രിക്കസേരയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിന് പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചകള്‍ നേരത്തെതന്നെ നടക്കുന്നുണ്ട്. ചാണ്ടിയുമായി ബന്ധപ്പെട്ട കേസുകളെല്ലാം തീര്‍ന്നെന്നും അദ്ദേഹത്തെ അധികാരസ്ഥാനത്തേക്ക് തിരിച്ചുകൊണ്ടുവരണമെന്നുമാണ് ഇവര്‍ ആവശ്യപ്പെടുന്നത്.

എന്നാല്‍ ചാണ്ടിയുടെ കേസുകള്‍ തീര്‍ന്നിട്ടില്ലെന്ന് ശശീന്ദ്രന്‍ വിഭാഗം ആവര്‍ത്തിക്കുന്നു. പാര്‍ട്ടിയില്‍ അഭ്യന്തരതര്‍ക്കം മുറുകുമ്ബോഴാണ് അപ്രതീക്ഷിത വിജയവുമായി കാപ്പനും അധികാരത്തിന്റെ ഭാഗമായത്. മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനുള്ള പാര്‍ട്ടി കേന്ദ്രകമ്മിറ്റിക്ക് ഇപ്പോള്‍ കേരളത്തിലെ കാര്യങ്ങള്‍ ശ്രദ്ധിക്കാനാകുന്നില്ല. പാലായില്‍ വോട്ട് അഭ്യര്‍ത്ഥിക്കാന്‍ ശരത് പവാറോ, പ്രഫുല്‍ പട്ടേലോ, സുപ്രിയ സുലെയോ എത്തിയില്ല. മഹാരാഷ്ട്രാ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ തീരുമാനം ഉണ്ടാകും. മന്ത്രിമാറ്റം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് കേന്ദ്ര കമ്മിറ്റിയുടെ അനുമതി വേണം. ശരത് പവാറിനെക്കൊണ്ട് കാര്യംസാധിപ്പിക്കുന്നതിന് മുതിര്‍ന്ന നേതാവ് ടി.പി. പീതാംബരന്‍ മാസറ്ററെ കൂടെനിര്‍ത്തി നീങ്ങാനാണ് കാപ്പനെ പിന്തുണയ്ക്കുന്നവര്‍ ആലോചിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന് കാപ്പനോടുള്ള താല്‍പ്പര്യം പീതാംബരന്‍ മാസ്റ്ററും തിരിച്ചറിഞ്ഞിട്ടുണ്ട്.

അതിനിടെ കാപ്പനെതിരേ കോടതികളില്‍ നിലനില്‍ക്കുന്ന കേസുകള്‍ അദ്ദേഹത്തിന് തിരിച്ചടിയാവുമെന്നാണ് ശശീന്ദ്രന്‍ വിഭാഗത്തിന്റെ കണക്കുകൂട്ടല്‍. തിരഞ്ഞെടുപ്പിനിടെ സ്ഥാനാര്‍ത്ഥിക്കെതിരേ പരാതികളുമായി ചിലര്‍ രംഗത്തുവന്നിരുന്നു. അവര്‍ക്ക് പിന്നില്‍ പാര്‍ട്ടിയിലെ ചില കേന്ദ്രങ്ങളാണെന്ന ആരോപണവും എന്‍.സി.പി.യിലുണ്ട്. അഞ്ച് നിയമസഭാ ഉപതെരഞ്ഞെടുപ്പ് കൂടി കഴിഞ്ഞാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിസഭാ പുനഃസംഘടന നടത്തുമെന്നാണ് സൂചന. വട്ടിയൂര്‍കാവിലും കോന്നിയിലും അരൂരിലും സിപിഎമ്മിന് ജയിക്കാനാകുമെന്നാണ് പിണറായിയുടെ പ്രതീക്ഷ. പാലായിലെ വിജയത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ആത്മവിശ്വാസത്തിലേക്ക് സിപിഎം എത്തുന്നത്. അടിത്തറ വിപുലമാക്കുന്ന തരത്തിലെ പുനഃസംഘടന മന്ത്രിസഭയില്‍ വരുത്തി തുടര്‍ഭരണത്തിന് സാഹചര്യമൊരുക്കാനാണ് നീക്കം. ശബരിമല വിവാദത്തിന്റെ പശ്ചാത്തലത്തില്‍ പ്രതികൂട്ടില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ നിന്ന് സര്‍ക്കാര്‍ കരകയറിയെന്നാണ് സിപിഎം വിലയിരുത്തല്‍. ഈ ആത്മവിശ്വാസത്തില്‍ അടുത്ത ഉപതെരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റില്‍ ജയമാണ് സിപിഎം ലക്ഷ്യമിടുന്നത്.

പാലായില്‍ ജയിച്ച മാണി സി കാപ്പനെ പിണറായി മന്ത്രിയാക്കുന്നത് വ്യക്തമായ ലക്ഷ്യത്തോടെയാണ്. കോട്ടയത്ത് ഇടതുപക്ഷത്തിന് ക്രൈസ്തവ രാഷ്ട്രീയം അനുകൂലമാക്കാന്‍ ഇത് അനിവാര്യതയാണെന്നാണ് വിലയിരുത്തല്‍. അതുകൊണ്ട് തന്നെ എന്‍സിപിയില്‍ ശശീന്ദ്രന് മന്ത്രിസ്ഥാനം നഷ്ടമാകും. മധ്യ തിരുവിതാംകൂറില്‍ ഇടതുപക്ഷത്തിന് കരുത്ത് കാട്ടാനാണ് ഇത്. സിപിഎം മന്ത്രിമാരില്‍ പലരുടേയും പ്രകടനത്തില്‍ മുഖ്യമന്ത്രി തൃപ്തനല്ല. എന്നാല്‍ സമഗ്രമായ അഴിച്ചു പണിയിലൂടെ സര്‍ക്കാരിന്റെ വീഴ്ചകള്‍ മുഖ്യമന്ത്രി സമ്മതിച്ചുവെന്ന വിലയിരുത്തലുയരാന്‍ സാധ്യതയൊരുക്കും. ഈ സാഹചര്യത്തിലാണ് മുഴുവന്‍ മന്ത്രിമാരേയും മാറ്റാന്‍ പിണറായി മടിക്കുന്നതെന്നാണ് സൂചന. മന്ത്രിമാരായ എസി മൊയ്തീന്‍, ടി പി രാമകൃഷ്ണന്‍ എന്നിവരെ സംഘടനാ ചുമതലയിലേക്ക് മടക്കി കൊണ്ടു വരാനാണ് പിണറായി ആഗ്രഹിക്കുന്നുണ്ട്. അതിന് ശേഷം ശ്രീരാമകൃഷ്ണനേയും സുരേഷ് കുറുപ്പിനേയും എ പ്രദീപ് കുമാറിനേയും മന്ത്രിമാരാക്കുന്നതും പരിഗണനയിലുണ്ട്. മേഴ്സികുട്ടിയമ്മയുടെ പ്രകടനത്തിലും മുഖ്യമന്ത്രി തൃപ്തരല്ല. ഇത്തരക്കാരെ എല്ലാം മാറ്റി മന്ത്രിസഭയ്ക്ക് പുതുമുഖം നല്‍കാനാകും മുഖ്യമന്ത്രി ശ്രമിക്കുക. ഇതിലൂടെ സര്‍ക്കാര്‍ കൂടുതല്‍ ജനകീയരാകും. സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ മന്ത്രിയാക്കുന്നതും പരിഗണനയിലാണ്. മന്ത്രിസഭയ്ക്ക് കൂടുതല്‍ യുവത്വം നല്‍കി അതിലൂടെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങളിലേക്ക് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ എത്തിക്കാനാണ് പിണറായിയുടെ ശ്രമം.

മറ്റാരെ പരീക്ഷിച്ചാലും വിജയിക്കാത്ത റാന്നിയില്‍ രാജു എബ്രഹാം 5 വട്ടം ജയിച്ചിട്ടും മന്ത്രിയാക്കിയില്ല. യുഡിഎഫ് കോട്ടയായ കോട്ടയത്തെ ഏറ്റുമാനൂരില്‍ തുടര്‍ച്ചയായി ജയിക്കുന്ന സുരേഷ് കുറുപ്പിനും സാധ്യതകള്‍ കല്‍പ്പിക്കുന്നു. പത്തനംതിട്ടയിലെ റാന്നി മണ്ഡലത്തില്‍ രാജു എബ്രഹാം 14596 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. 58749 വോട്ടുകളാണ് ഇദ്ദേഹത്തിനു ലഭിച്ചത്. ശക്തമായ മത്സരമായിരുന്നു റാന്നി മണഡലത്തില്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥിയും കെപിസിസി സെക്രട്ടറിയുമായ മറിയാമ്മ ചെറിയാനു 44153 വോട്ടുകള്‍ലഭിച്ചു.ബിഡിജെഎസ് സ്ഥാനാര്‍ത്ഥി കെ പത്മകുമാര്‍ 25201 വോട്ടുകള്‍ നേടി. എസ്.എന്‍.ഡിപി യോഗം പത്തനം തിട്ട യൂണിയന്‍ പ്രസിഡന്റാണ് കെ പത്മകുമാര്‍. പരമ്ബരാഗതമായി കോണ്‍ഗ്രസ് കോട്ടയാണ് റാന്നി. ഇവിടെയാണ് അഞ്ചുതവണയായി രാജു എബ്രഹാം ജയിച്ചു കയറുന്നത്. ഇത്തവണയെങ്കിലും പത്തനംതിട്ടയുടെ പ്രതിനിധിയായി മന്ത്രിയാകുമെന്ന് കരുതി. എന്നാല്‍ മാത്യു ടി തോമസ് പത്തനംതിട്ടയില്‍ നിന്ന് മന്ത്രിയാകുന്നതിനാല്‍ രാജു എബ്രഹാം വേണ്ടെന്നായിരുന്നു സിപിഎം തീരുമാനം. ഇപ്പോള്‍ മാത്യു ടി തോമസ് മന്ത്രിയല്ല. അതുകൊണ്ട് തന്നെ രാജു എബ്രഹാമും പുനഃസംഘടനയില്‍ പരിഗണിക്കുന്ന പ്രധാന പേരുകാരനാണ്.

സിപിഎമ്മില്‍ രണ്ട് തവണയിലധികം മത്സരിച്ച്‌ ജയിച്ച എംഎല്‍എമാര്‍ക്ക് വീണ്ടും സീറ്റ് നല്‍കുക പതിവില്ലാത്തതാണ്. എന്നാല്‍ റാന്നിയിലെ സാഹചര്യത്തില്‍ രാജു എബ്രഹാം മാത്രമേ ജയിക്കൂവെന്ന് സിപിഎമ്മിന് അറിയാം. മികച്ച ഇടപെടലുകളിലൂടെ റാന്നിയിലും പത്തനംതിട്ടയിലും നിറഞ്ഞു നില്‍ക്കുന്ന രാജു എബ്രഹാമിന് ആദ്യം മന്ത്രി സ്ഥാനം നല്‍കാത്തതിന്റെ കാരണം വ്യക്തമലായിരുന്നു. . ഏറ്റുമാനൂര്‍ എന്നത് കോട്ടയം ജില്ലയിലെ യുഡിഎഫ് കോട്ടയാണ്. നായര്‍ സമവാക്യത്തെ അനുകൂലമാക്കി കഴിഞ്ഞ തവണ തോമസ് ചാഴിക്കാടനെ അട്ടിമറിച്ചാണ് ഏറ്റുമാനൂര്‍ ഇടതുപക്ഷത്തേക്ക് സുരേഷ് കുറുപ്പ് എത്തിച്ചത്. ഇത്തവണയും വമ്ബന്‍ വിജയം ആവര്‍ത്തിച്ചു. കോട്ടയം ലോക്സഭയില്‍ സുരേഷ് കുറപ്പ് നേടിയ വിജയങ്ങളും കോണ്‍ഗ്രസിനെ പോലും ഞെട്ടിച്ചിരുന്നു. അത്തരമൊരു ജനകീയ മുഖത്തെ സിപിഎം ഇത്തവണയും മന്ത്രിസ്ഥാന പട്ടികയില്‍ നിന്നും മാറ്റി നിര്‍ത്തിയത് ഏറെ ചര്‍ച്ചയായിരുന്നു.

പിണറായി പക്ഷക്കാരനായ എം. സ്വരാജിന്റെ പേരും മന്ത്രിയായി പരിഗണിക്കപ്പെടുന്നവരില്‍ ഉള്‍പ്പെടുന്നു. സിനിമ വകുപ്പ് ഗണേശ്കുമാറിന് നല്‍കാനും ഒരുവശത്ത് ആലോചന നടക്കുന്നു. നായര്‍ വോട്ടുകളെ ഇടതുപക്ഷത്തേക്ക് അടുപ്പിക്കാനാണ് ഇത്.