വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കുമ്മനം രാജശേഖരന്റെ പ്രചാരണം നിർത്തിവെക്കാൻ കഴിഞ്ഞ ദിവസം നേതൃത്വം നിർദേശം നൽകിയിരുന്നു. ബിജെപിയെ സ്ഥാനാർത്ഥിയാക്കുന്നതിൽ തർക്കം നിലനിൽക്കുന്നുണ്ട്. കുമ്മനം ഞായറാഴ്ച വട്ടിയൂർക്കാവിലെത്തി പ്രചാരണം നടത്താനിരിക്കെയായിരുന്നു ശനിയാഴ്ച പ്രചാരണം തൽക്കാലത്തേക്ക് നിർത്തിവെക്കാൻ ജില്ലാ നേതൃത്വം നിർദേശം നൽകിയത്.

എന്നാൽ ഉപതിരഞ്ഞെടുപ്പ് സ്ഥാനാർത്ഥിയാകുമെന്നത് തള്ളാതെ തന്നെ കുമ്മനം ഞായറാഴ്ച രംഗത്തെത്തിയിട്ടുണ്ട്. ആദ്യം മത്സരിക്കാൻ വൈമനസ്യം കാണിച്ച കുമ്മനം ഇപ്പോൾ പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്ന നിലപാടിൽ എത്തിയിരിക്കുകയാണ്. വട്ടിയൂർക്കാവിൽ കുമ്മനം തന്നെ സ്ഥാനാർത്ഥിയാകുമെന്ന് മുതിർന്ന ബിജെപി നേതാവ് ഒ രാജഗോപാലും നേരത്തെ പ്രഖ്യാപിച്ചിരുന്നു.

കുമ്മനം തന്നെയെന്ന് ഒ രാജഗോപാൽ

പ്രചാരണത്തിന് തുടക്കം കുറിച്ച് വട്ടിയൂർക്കാവിൽ നടത്തിയ ഗൃഹ സന്ദർശനത്തിലായിരുന്നു ഒ രാജഗോപാൽ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്. ഇതിന് പിന്നാലെയാണ് പ്രചാരണം നിർത്താൻ നിർദേശം നൽകിയിരുന്നത്. കുമ്മനത്തെ തന്നെ സ്ഥാനാർത്ഥിയാക്കാൻ ആർഎസ്എസ് സമ്മർദ്ദം ചെലുത്തുന്നുണ്ടെങ്കിലും പല ബിജെപി നേതക്കൾക്കും എതിർപ്പുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

തീരുമാനിക്കേണ്ടത് പാർട്ടി

എങ്കിലും വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരന്‍ തന്നെ ബിജെപി സ്ഥാനാര്‍ഥിയാകുമെന്ന് തന്നെയാണ് സൂചന. പാർട്ടിയാണ് സ്ഥാനാർത്ഥിത്വത്തെ കുറിച്ച് അന്തിമ തീരുമാനമെടുക്കേണ്ടത്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിലും ബിജെപിക്ക് വിജയസാധ്യതയുണ്ടെന്നും കുമ്മനം രാജശേഖരൻ വ്യക്തമാക്കിയിട്ടുണ്ട്.

2016ൽ രണ്ടാം സ്ഥാനത്ത്

വട്ടിയൂർക്കാവിൽ നേരത്തെ തന്നെ കുമ്മനെ പാർട്ടി പരിഗണിച്ചിരുന്നു. എന്നാൽ മത്സരിക്കാൻ താൽപ്പര്യമില്ലെന്ന് കുമ്മനം പാർട്ടിയെ അറിയിക്കുകയായിരുന്നു. 2016ൽ വട്ടിയൂർക്കാവ് മണ്ഡലത്തിലും 2019ലെ ലോക്സഭയിലെ തിരുവനന്തപുരം കുമ്മനം രാജശേഖരൻ മത്സരിച്ചിരുന്നു. എന്നാൽ രണ്ടിടത്തും പരാജയമായിരുന്നു ഫലം. 2016ലെ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ കുമ്മനം രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. അതുകൊണ്ട് തന്നെ ഏറെ പ്രതീക്ഷയും ബിജെപിക്കുണ്ട്.

ഇനിയും ധാരണയായില്ല

അതേസമയം തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശപത്രിക സമർപ്പിക്കേണ്ട സമയം തിങ്കളാഴ്ച അവസാനിക്കാനിരിക്കേ ബിജെപി സ്ഥാനാർത്ഥികളുടെ കാര്യത്തിൽ ഇനിയും ധാരണയായിട്ടില്ല. വട്ടിയൂർക്കാവിൽ കുമ്മനം മത്സരിക്കുന്നതിനെതിരെ ഒരു വിഭാഗം നേതാക്കൾ കേന്ദ്ര നേതൃത്വത്തിൽ സമ്മർദ്ദം ചെലുത്തിയെന്നാണ് പുറത്ത് വരുന്ന സൂചനകൾ. ജില്ലാ പ്രസിഡന്‍റ് എസ് സുരേഷ്, വിവി രാജേഷ് എന്നിവരുടെ പേരും പരിഗണിക്കുന്നുണ്ട്.

കോന്നിയിലും തീരുമാനമായില്ല

കോന്നിയിൽ കെ സുരേന്ദ്രന്റെ സ്ഥാനാർത്ഥിത്വത്തിന്‍റെ കാര്യത്തിലും അന്തിമതീരുമാനമായില്ല. സുരേന്ദ്രൻ മത്സരിച്ചാൽ വിജയ സാധ്യതയുണ്ടെന്ന കണക്കു കൂട്ടലിൽ തന്നെയാണ് ബിജെപി നേതൃത്വം. കഴിഞ്ഞ പാർലമെന്‍റ് തെര‌ഞ്ഞെടുപ്പിൽ കോന്നി പാർലമെന്‍റ് മണ്ഡലത്തിലെ നാല് പഞ്ചായത്തുകളിൽ ബിജെപി ഒന്നാം സ്ഥാനത്തെത്തിയത് ബിജെപിക്ക് പ്രതീക്ഷ വർധിപ്പിക്കുന്നുണ്ട്. കോന്നിയിൽ കെ സുരേന്ദ്രൻ, ശോഭ സുരേന്ദ്രൻ എന്നിവരിലൊരാളെ മത്സരിപ്പിക്കണമെന്ന് ജില്ലാ നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്.