മരടിലെ ഫ്‌ളാറ്റുകളില്‍ നിന്ന് താമസക്കാര്‍ ഒഴിഞ്ഞു തുടങ്ങി. ഫ്‌ളാറ്റുകളില്‍ വാടയ്ക്ക് താമസിക്കുന്നവരാണ് ഇപ്പോള്‍ ഒഴിഞ്ഞു തുടങ്ങിയിരിക്കുന്നത്. ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ ഇന്ന് ആരംഭിക്കുമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ ഒഴിയാന്‍ തുടങ്ങിയത്. ഒക്ടോബര്‍ നാല് വരെയാണ് നടപടികള്‍ തുടരുക.

സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം പ്രകാരം ഫ്‌ളാറ്റ് പൊളിക്കല്‍ നടപടികളുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് നഗരസഭ ഇന്ന് മുതല്‍ ഒഴിപ്പിക്കല്‍ നടപടികള്‍ തുടങ്ങുന്നത്. അതേസമയം ഫ്‌ളാറ്റുകളിലെ ഉടമകള്‍ നിലപാട് മയപ്പെടുത്തി ഒഴിയാന്‍ കുറച്ചുകൂടി സമയം വേണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ഇപ്പോള്‍. ഇതിനായി ഇന്നുമുതല്‍ നിരാഹാര സമരം ആരംഭിക്കാനാണ് ഉടമകള്‍ തീരുമാനിച്ചിരിക്കുന്നത്.

ഫ്‌ളാറ്റ് ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി നഗരസഭ സെക്രട്ടറി കൂടിയായ സബ് കളക്ടറുടെ നേതൃത്ത്വത്തിലുള്ള സംഘം ഉടമകളെ കാണും. അനുവദിച്ച സമയത്തിനുള്ളില്‍ തന്നെ ഒഴിഞ്ഞുപോകണമെന്ന് ഉടമകളോട് ആവശ്യപ്പെടും. ഇതോടൊപ്പം ഫ്‌ളാറ്റുടമകള്‍ക്ക് നഷ്ടപരിഹാരം കൈമാറാനുള്ള ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഉദ്യോഗസ്ഥര്‍ ശേഖരിക്കും. താമസക്കാര്‍ക്ക് സൗകര്യപ്രദമായി സാധനങ്ങള്‍ നീക്കുന്നതിനായി ഒഴിപ്പിക്കല്‍ നടപടിക്ക് മുന്നോടിയായി വിച്ഛേദിച്ച വൈദ്യുതിയും വെള്ളവും താത്കാലികമായി പുനഃസ്ഥാപിക്കും.

ഒഴിഞ്ഞുപോകുന്നവര്‍ക്ക് പകരം താമസത്തിന് ഫ്‌ളാറ്റുകള്‍ അടക്കം നഗരസഭ വാടകയ്ക്ക് ഒരുക്കും. വാടക അതാതത് കുടുംബങ്ങള്‍ നല്‍കണം. നഗരസഭയുടെ താല്‍കാലിക പുനരധിവാസം ആവശ്യമുള്ളവര്‍ക്ക് അപേക്ഷിക്കാന്‍ ഇന്നുകൂടി അവസരം നല്‍കിയിട്ടുണ്ട്. കൂടാതെ താമസക്കാരുടെ വീട്ടുപകരണങ്ങള്‍ മറ്റൊരിടത്തേക്ക് മാറ്റാന്‍ സ്വകാര്യ ഏജന്‍സികളോട് ചാര്‍ജ്ജ് കുറയ്ക്കാനും നഗരസഭ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം പ്രാഥമിക നഷ്ടപരിഹാര തുകയായ 25 ലക്ഷം രൂപ ഉടനടി ലഭ്യമാക്കണമെന്നും ഫ്ളാറ്റുകളുടെ മൂല്യം നിര്‍ണ്ണയിച്ച്‌ നഷ്ടപരിഹാരത്തുക പരിഷ്‌കരിക്കണമെന്നുമാണ് ഫ്‌ലാറ്റുടമകളുടെ ആവശ്യം.

അതിനിടെ ആല്‍ഫ ഫ്‌ളാറ്റിലെയും കണ്ണാടിക്കാട് ഗോള്‍ഡന്‍ കായലോരം ഫ്ളാറ്റിലെയും ചില താമസക്കാര്‍ ശനിയാഴ്ച്ച തന്നെ മുറിയൊഴിഞ്ഞ് പോയി. കായലോരം ഫ്‌ളാറ്റുകളില്‍ ഇനി എട്ടു കുടുംബങ്ങള്‍ മാത്രമേ ാെഴിയാന്‍ ബാക്കിയുള്ളൂവെന്നാണ് വിവരം.