കൊച്ചി: മരടിലെ നാലു ഫ്ളാറ്റുകളും പൊളിക്കുക നിയന്ത്രിത സ്ഫോടനത്തില്‍. മരട് നഗരസഭാ സെക്രട്ടറിയുടെ ചുമതലയുള്ള ഫോര്‍ട്ട് കൊച്ചി സബ് കളക്ടര്‍ സ്നേഹില്‍ കുമാറാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ, ക്രെയിനുകള്‍ ഉപയോഗിച്ചു ഫ്ളാറ്റുകള്‍ പൊളിക്കാനായിരുന്നു തീരുമാനം. ക്രെയിനുകള്‍ ഉപയോഗിച്ചു പൊളിച്ചാല്‍ കാലതാമസം ഉണ്ടാകുമെന്നതിനാലാണു നിയന്ത്രിത സ്ഫോടനത്തില്‍ പൊളിക്കാന്‍ തീരുമാനിച്ചതെന്നും സ്നേഹില്‍ കുമാര്‍ വ്യക്തമാക്കി. നാലു ഫ്ളാറ്റുകളും ഒരേ സമയത്ത് പൊളിച്ചുതുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു. തീരദേശ പരിപാലന നിയമം ലംഘിച്ചു നിര്‍മിച്ച മരടിലെ ഫ്ളാറ്റുകളുടെ കാര്യത്തില്‍ സുപ്രീംകോടതിയുടെ അന്തിമ ഉത്തരവ് പുറത്തുവന്നതോടെയാണു ഫ്ളാറ്റുകള്‍ പൊളിക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തിയത്. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഫ്ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ട് മരട് നഗരസഭ ഈ മാസം ആദ്യം ടെന്‍ഡര്‍ ക്ഷണിച്ചിരുന്നു. ഇതുപ്രകാരം 15 കന്പനികളാണു മുന്നോട്ടു വന്നിട്ടുള്ളത്.
ഇതില്‍നിന്ന് മുന്‍പരിചയത്തിന്റെ അടിസ്ഥാനത്തില്‍ 10 കന്പനികളുടെ ചുരുക്കപ്പട്ടിക തയാറാക്കി കൂടിക്കാഴ്ചയ്ക്കു ക്ഷണിച്ചിരുന്നു. ഇവരില്‍ ആറ് കന്പനികളുടെ പ്രതിനിധികളുമായി സ്നേഹില്‍ കുമാര്‍ സിംഗ് ചര്‍ച്ച നടത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ചുരുക്കപ്പട്ടിക തയാറാക്കിയ കന്പനികളോട് ഉടന്‍ ടെന്‍ഡറുകള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മുന്‍പു തയാറാക്കിയ പദ്ധതികള്‍ പ്രകാരം ഫ്ളാറ്റുകളിലെ താമസക്കാരെ മാറ്റി പാര്‍പ്പിക്കാനുള്ള നടപടികള്‍ക്കാണ് ഇനി മുന്‍ഗണന. ഇതിനു മുന്നോടിയായി അധികൃതര്‍ ഫ്ളാറ്റ് ഉടമകളുമായി ചര്‍ച്ച നടത്തുമെന്നാണ് സൂചന. ജില്ലാ ഭരണകൂടത്തിനാണു പുനരധിവാസവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പൂര്‍ണ ചുമതല. നഷ്ടപരിഹാരം ലഭിക്കുന്നതുവരെ സ്വന്തം ഫ്ളാറ്റുകളില്‍ താമസിക്കാന്‍ അനുവദിക്കണമെന്ന ഫ്ളറ്റുടമകളുടെ ആവശ്യം സുപ്രീം കോടതി തള്ളിയതിനാല്‍ താമസക്കാര്‍ക്ക് അധികം വൈകാതെ ഒഴിയേണ്ടിവന്നേക്കും.
ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്കുന്നതു സംബന്ധിച്ച നടപടികളും ഉടന്‍ ആരംഭിക്കും. നാലാഴ്ചയ്ക്കകം പണം കൈമാറുമെന്നാണ് സൂചന. ഒഴിപ്പിക്കല്‍ നടപടികളുടെ ആദ്യഘട്ടമായി കഴിഞ്ഞ ദിവസം ഫ്ളാറ്റുകളിലെ വൈദ്യുതിബന്ധവും ജലവിതരണവും വിച്ഛേദിച്ചിരുന്നു.
മരടിലെ നാല് ഫ്ളാറ്റ് നിര്‍മാതാക്കളുടെ സ്വത്തുവകകള്‍ സുപ്രീം കോടതി കണ്ടുകെട്ടുകയും ചെയ്തിട്ടുണ്ട്. പോള്‍ രാജ് (ഡയറക്ടര്‍, ആല്‍ഫാ വെഞ്ചേഴ്സ്), സാനി ഫ്രാന്‍സിസ് (മാനേജിംഗ് ഡയറക്ടര്‍, ഹോളി ഫെയ്ത് ബില്‍ഡേഴ്സ് ആന്‍ഡ് ഡെവലപേഴ്സ്), സന്ദീപ് മാലിക് (മാനേജിംഗ് ഡയറക്ടര്‍, ജെയിന് ഹൗസിംഗ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍), കെ.വി.ജോസ് (മാനേജിംഗ് ഡയറക്ടര്‍, കെ.പി. വര്‍ക്കി ആന്‍ഡ് ബില്‍ഡേഴ്സ്) എന്നിവരുടെ വസ്തുവകകളും ബാങ്ക് അക്കൗണ്ടുകളുമാണു കണ്ടുകെട്ടിയത്.