കോട്ടയം: പാലാ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് കുറയാനുള്ള പ്രധാന കാരണം പ്രചാരണത്തിലെ വീഴ്ചയാണെന്ന് എന്‍ഡിഎ ഘടകക്ഷിയായ ജനപക്ഷത്തിന്റെ നേതാവ് ഷോണ്‍ ജോര്‍ജ്. മണ്ഡലത്തില്‍ ഒരു ഘട്ടത്തിലും ത്രികോണ മത്സരം നടക്കുന്നുവെന്ന പ്രതീതി സൃഷ്ടിക്കാന്‍ എന്‍ഡിഎ സ്ഥാനാര്‍ഥിക്കായില്ലെന്നും ഷോണ്‍ കുറ്റപ്പെടുത്തി.
പാലാ നിയോജകമണ്ഡലത്തിലെ പകുതി പഞ്ചായത്തും പഴയ പൂഞ്ഞാര്‍ മണ്ഡലത്തിന്റെ ഭാഗമായിരുന്നിട്ടും പി.സി.ജോര്‍ജ് എംഎല്‍യെ പങ്കെടുപ്പിച്ച് നടത്തിയ തിരഞ്ഞെടുപ്പ് പൊതുയോഗം വെറും ഒരെണ്ണം മാത്രമാണ്. ഇത് തികഞ്ഞ വീഴ്ചയാണ്. ഇതാണ് മാണി വിരുദ്ധ ജനപക്ഷ വോട്ടുകള്‍ എന്‍ഡിഎക്ക് കിട്ടാതെ പോയതിന്റെ മുഖ്യ കാരണവും. തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ ഈ പോരായ്മകളെ കുറിച്ച് പത്ത് ദിവസം മുന്‍പ് തന്നെ ബിജെപി നേത്യത്വത്തെ ബോധ്യപെടുത്തുകയും ചെയ്തിരുന്നു.
അവസാന അഞ്ച് ദിവസം ശ്രീധരന്‍പിള്ളയുടെയും പി.കെ.കൃഷ്ണദാസിന്റെയും നേതൃത്വത്തില്‍ ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ കൃത്യമായ ഇടപെടല്‍ ഇല്ലായിരുന്നെങ്കില്‍ എന്‍ഡിഎയുടെ അവസ്ഥ ഇതിലും ദയനീയമാകുമായിരുന്നു. പ്രവര്‍ത്തനം മന്ദീഭപ്പിച്ചത് മൂലം എന്‍ഡിഎ മുന്നണിയ്ക്ക് നഷ്ടപ്പെട്ട ഓരോ വോട്ടും ലഭിച്ചിരിക്കുന്നത് യുഡിഎഫിനാണ് കാരണം അത് മുഴുവന്‍ പിണറായി വിരോധികളായ ശബരിമല വിശ്വാസികളുടേതാണ്.
യുഡിഎഫ് അവസാന ദിവസങ്ങളില്‍ പാലായില്‍ ശബരിമല ചര്‍ച്ചയാക്കിയത് ഈ ലക്ഷ്യം വച്ച് കൊണ്ട് തന്നെയാണ്.ജോസ് കെ മാണിയുടെ അഹങ്കാരത്തിനും ഗുരുത്വമില്ലായ്മക്കും ഏറ്റ തിരിച്ചടി എന്ന നിലയ്ക്ക് പാലായിലെ ഫലത്തില്‍ ഏറെ സന്തോഷമുണ്ടെങ്കിലും അവിടെ പരാജയപെട്ടത് ഒരു കേരള കോണ്‍ഗ്രസുകാരന്‍ ആണെന്നുള്ളത് ഒരു വേദനയാണെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു ഷോണ്‍ ജോര്‍ജിന്റെ പ്രതികരണം.