നടന്‍ ദിലീപിന്റെ കരിയറില്‍ വലിയ വെല്ലുവിളി ഉയര്‍ത്തിയ സിനിമയായിരുന്നു രാമലീല. അരുണ്‍ ഗോപി ആദ്യമായി സംവിധാനം ചെയ്ത സിനിമ റിലീസിന് ഒരുങ്ങുന്നതിനിടെയായിരുന്നു ദിലീപ് ജയിലില്‍ പോവുന്നത്. ഇതിനിടെ രാമലീല റിലീസിനെത്തിച്ചാല്‍ തിയറ്ററുകള്‍ കത്തിക്കുമെന്ന് വരെ ചിലര്‍ പറഞ്ഞിരുന്നു. എല്ലാ പ്രതിസന്ധിയും മറികടന്ന് തിയറ്ററുകളിലേക്ക് എത്തിയ സിനിമ വമ്ബന്‍ വിജയമായിരുന്നു.

2017 സെപ്റ്റംബര്‍ 28 നായിരുന്നു രാമലീല റിലീസിനെത്തുന്നത്. സിനിമ റിലീസിനെത്തി രണ്ട് വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. രാമലീലയെ വിജയിപ്പിച്ച പ്രേക്ഷകര്‍ക്ക് നന്ദിയുമായി സംവിധായകന്‍ അരുണ്‍ ഗോപി എത്തിയിരിക്കുകയാണ്. ഫേസ്ബുക്കിലൂടെ എഴുതിയ കുറിപ്പിലാണ് സംവിധായകന്‍ ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചിരിക്കുന്നത്.

അരുണ്‍ ഗോപിയുടെ വാക്കുകളിലേക്ക്…

രാമലീല നിങ്ങളോരുത്തരിലേക്കും എത്തിയിട്ട് 2 വര്‍ഷം. ഇന്നലെയെന്ന പോലെ കടന്നുപോയ 2 വര്‍ഷങ്ങള്‍! മറക്കാനാവാത്ത നിമിഷങ്ങള്‍ സമ്മാനിച്ച. മരണം വരെ കൂടെ കൂട്ടാവുന്ന ബന്ധങ്ങള്‍ നല്‍കിയ, ജീവിക്കാന്‍ ആവേശവും ഊര്‍ജ്ജവും നല്‍കിയ, വീണു പോകുന്നത് എഴുനേല്‍ക്കാന്‍ വേണ്ടി മാത്രമാണെന്ന് പഠിപ്പിച്ച, എന്നെ സംവിധായകനാക്കിയ രാമലീലയുടെ 2 വര്‍ഷം. പലതും കടന്നു പോയി ഇതിനിടയില്‍, സന്തോഷം സങ്കടം പരാജയം എന്തിനേറെ വിവാഹം വരെ നന്ദി നന്ദി മാത്രമാണ് ഓരോരുത്തരോടും!

ദിലീപേട്ടനോടും സച്ചിയേട്ടനോടും ടോമിച്ചയനോടും അങ്ങനെ മലയാള സിനിമയുടെ തിരശീലയില്‍ എന്റെ പേര് എഴുതികാണിക്കാന്‍ കൂടെ നിന്ന എല്ലാര്ക്കും ! പഠിക്കുന്നുണ്ട് ഇനിയും മുന്നോട്ടു പോകാന്‍ ! കുറ്റങ്ങള്‍ കൊണ്ട് തളര്‍ത്താതെ സ്‌നേഹം കൊണ്ട് പിടിച്ചു നിര്‍ത്തുന്നതിനു ഹൃദയം നിറഞ്ഞ നന്ദി. മനസ്സിലെന്നുമുണ്ടാകും മലയാള പ്രേക്ഷകരും ജനപ്രിയ നായകന്റെ പ്രിയ ആരാധകരും.