കോഴിക്കോട്: രോഗം മാറിയിട്ടും തിരിച്ചുപോകാന്‍ ഇടമില്ലാതെ ആശുപത്രിയില്‍ തങ്ങുന്നവരെ മാറ്റി പാര്‍പ്പിയ്ക്കാന്‍ ഇടംതേടി കോഴിക്കോട് ബീച്ച് ജനറല്‍ ആശുപത്രി. പ്രായാധിക്യവും രോഗവും തളര്‍ത്തിയ 23 അന്തേവാസികളാണ് രോഗികളുടെ ഭക്ഷണത്തിന്റെ പങ്കുപറ്റി ഇവിടെ കഴിച്ചു കൂട്ടുന്നത്. കൂട്ടിരിക്കാനും കൂട്ടികൊണ്ടുപോകാനും ആരുമില്ലാതെ 23 പേര്‍. ഇവര്‍ക്ക് പറയത്തക്ക ബന്ധങ്ങളോ ബന്ധുക്കളോ ഇല്ല.
വീടും വീട്ടുകാരും ഉണ്ടായിരുന്നവരും ഇക്കൂട്ടത്തില്‍ ഉണ്ട്.പക്ഷെ രോഗം ബാധിച്ച ശേഷം ആരും തിരിഞ്ഞുനോക്കാറില്ല. രോഗികള്‍ക്ക് വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ പങ്കുപറ്റി മാസങ്ങളോളമായി ആശുപത്രിയില്‍ കഴിച്ചുകൂട്ടുകയാണിവര്‍. ഇറക്കിവിടാന്‍ ആശുപത്രി അധികൃതര്‍ക്കാവില്ലെങ്കിലും ഇവരെ പുനരധിവസിപ്പിച്ചില്ലെങ്കില്‍ ആശുപത്രിയുടെ പ്രവര്‍ത്തനത്തെ ഇത് സാരമായി ബാധിക്കും.