കെന്റക്കി: കെന്റക്കി മ്യൂസിക്‌ ഫെസ്റ്റിവല്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ റിപ്പോര്‍ട്ടര്‍ക്ക് ഉണ്ടായ അനുഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായികൊണ്ടിരിക്കുന്നത്.

വേവ് 3 ന്യൂസിന് (wave3 news) വേണ്ടി റിപ്പോര്‍ട്ട് ചെയ്യാനെത്തിയ സാറ റിവെസ്റ്റിന് നേരിട്ടത് അപ്രതീക്ഷിത അനുഭവമായിരുന്നു. റിപ്പോര്‍ട്ടിങ്ങിനിടെ പെട്ടെന്ന് ഒരാള്‍ കടന്നുവരുകയും സാറയുടെ കവിളില്‍ ചുംബിച്ച ശേഷം അപ്രത്യക്ഷനാവുകയുമായിരുന്നു.

റിപ്പോര്‍ട്ടിംഗ് ലൈവ് ആയതിനാല്‍ സംഗതി അവഗണിക്കാന്‍ സാറ ശ്രമം നടത്തിയെങ്കിലും പരസ്യമായുള്ള അപമാനം കാരണം തുടരാന്‍ സാറയ്ക്ക് സാധിച്ചില്ല.

ഇയാള്‍ ആരെന്നോ എന്തായിരുന്നു ഇയാളുടെ ഉദ്ദേശമെന്നോ സാറയ്ക്ക് മനസിലായില്ലയെങ്കിലും സാറ പോലീസില്‍ പരാതി നല്‍കി. അതിനെ തുടര്‍ന്ന്‍ എറിക് ഗുഡ്മാന്‍ എന്ന നാല്‍പ്പത്തിരണ്ടുകാരനാണ് സാറയോട് മോശമായി പെരുമാറിയതെന്ന് തിരിച്ചറിഞ്ഞ പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തു.

സാറ റിപ്പോര്‍ട്ടിംഗ് നടത്തുന്ന സമയത്ത് ഒരാള്‍ പിന്നിലെത്തി ക്യാമറ നോക്കി ആംഗ്യങ്ങള്‍ കാണിക്കുന്നത് കാണാമായിരുന്നു അതും എറിക് ആണെന്നാണ് വീഡിയോയില്‍ നിന്നും വ്യക്തമാകുന്നത്.

ഇയാള്‍ക്ക് മൂന്ന്‍ മാസം ജയില്‍ ശിക്ഷയോ 250 ഡോളര്‍ പിഴയോ നല്‍കേണ്ടി വരുമെന്നാണ് സൂചന. ഇതിനിടയില്‍ മാപ്പപേക്ഷിച്ച്‌ എറിക് സാറയ്ക്ക് കത്തയക്കുകയും ചെയ്തു.

സംഭവം നടന്നത് സെപ്റ്റംബര്‍ 20 ന് ആയിരുന്നു. സംഭവത്തിന്‍റെ വീഡിയോ തൊട്ടടുത്ത ദിവസം തന്നെ സാറ ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു.