പത്തനംതിട്ട: കോന്നി ഉപതിരഞ്ഞെടുപ്പില്‍ ശബരിമല വിഷയം പ്രതിഫലിക്കുമെന്ന് പന്തളം കൊട്ടാര നിര്‍വാഹക സംഘം പ്രസിഡന്‍റ് ശശികുമാര വര്‍മ്മ. ശബരിമലയിലെ യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാട് മാറ്റിയെന്ന് കരുതുന്നില്ല. സുപ്രീകോടതിയില്‍ നിന്ന് അനുകൂല വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുണ്ടായില്ലെങ്കില്‍ വീണ്ടും കേന്ദ്രത്തെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി വന്ന് ഇന്നേക്ക് ഒരു വര്‍ഷം തികയുന്ന സാഹചര്യത്തിലായിരുന്നു ശശികുമാര വര്‍മ്മയുടെ പ്രതികരണം. വിധിക്കെതിരെ പന്തളം കൊട്ടാരമടക്കം സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജികുളും റിട്ടുകളും ഉള്‍പ്പടേയുള്ള 65 പരാതികള്‍ നിലവില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയുടെ പരിഗണനയിലുണ്ട്.

പുനഃപരിശോധന ഹര്‍ജികള്‍ നേരത്തെ പരിഗണിച്ചിരുന്നെങ്കിലും വിധി പറയാനായി മാറ്റിവെക്കുകയായിരുന്നു. ചീഫ് ജസ്റ്റിസ് നവംബര്‍ 17 ന് വിരമിക്കുന്നതിനാല്‍ അതിന് മുമ്ബ് പുനഃപരിശോധന ഹര്‍ജിയിലും റിട്ടിലും വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം, ക്ഷേത്രാചാര സംരക്ഷ സമിതിയുള്‍പ്പടേയുള്ള വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ആചാര സംരക്ഷണ പ്രക്ഷോഭത്തിന്‍റെ ഒന്നാം വാര്‍ഷികം ആചരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പരിപാടികളുടെ ഭാഗമായി ഈ മാസം 30 ന് വലിയ കോയിക്കലില്‍ സ്വാമി ഉദിത് ചൈതന്യയുടെ പ്രഭാഷണം നടത്തും. ഒക്ടോബര്‍ ഒന്നിന് മൂന്ന് മണിക്ക് നടക്കുന്ന ഗുരുസ്വാമിമാരുടെ സംഗമം ശശികുമാര വര്‍മ്മ ഉദ്ഘാടനം ചെയ്യും