ബാഹുബലിയുടെ വമ്ബന്‍ വിജയത്തിന് ശേഷം പാന്‍ ഇന്ത്യന്‍ സൂപ്പര്‍സ്റ്റാറായി തിളങ്ങിനില്‍ക്കുന്ന താരാണ് പ്രഭാസ്. പ്രഭാസിന്റെ പുതിയ സിനിമകള്‍ക്കായെല്ലാം ആരാധകര്‍ വലിയ പ്രതീക്ഷകളോടെ കാത്തിരിക്കാറുണ്ട്. പ്രഭാസിന്റെതായി അടുത്തിടെ പുറത്തിറങ്ങിയ സാഹോ ബോക്‌സോഫീസില്‍ തരംഗം സൃഷ്ടിച്ചിരുന്നു. സാഹോയ്ക്ക് ശേഷമുളള പ്രഭാസിന്റെ പുതിയ ചിത്രം എതാണെന്നത് എല്ലാവരും ആകാംക്ഷകളോടെ ഉറ്റുനോക്കുന്നൊരു കാര്യമാണ്.

തെലുങ്ക് സൂപ്പര്‍താരത്തിന്റെ അടുത്ത സിനിമ തെലുങ്കിലെ പ്രശസ്ത സംവിധായകന്‍ രാധാ കൃഷ്ണയ്‌ക്കൊപ്പം ആണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചരിത്ര പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമയില്‍ കൈനോട്ടക്കാരന്റെ വേഷത്തിലാണ് നടന്‍ എത്തുന്നതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ജാന്‍ എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. ഒരു വര്‍ഷം മുന്‍പ് ഹൈദരാബാദില്‍ നടന്ന ഒരു ചടങ്ങിലാണ് സിനിമയുടെ ആദ്യ പ്രഖ്യാപനം ഉണ്ടായത്.

ഒരു റൊമാന്റിക്ക് കോമഡി ആയിരിക്കും ചിത്രമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വലിയ ബഡ്ജറ്റില്‍ തന്നെയായിരിക്കും സിനിമ ഒരുക്കുക. യൂറോപ്പിലാണ് പ്രഭാസ് ചിത്രം പ്രധാനമായും ചിത്രീീകരിക്കുക. പൂജ ഹെഗ്‌ഡേ ചിത്രത്തില്‍ നായികയായി എത്തും. ഗോപീ കൃഷ്ണ മൂവീസും യുവി ക്രിയേഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.