ന്യൂഡല്‍ഹി: മരട് ഫ്‌ളാറ്റുടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതുമായി ബന്ധപ്പെട്ട തീരുമാനമെടുക്കാനുള്ള സമിതിക്ക് സുപ്രീം കോടതി രൂപം നല്‍കി. കേരളാ ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായര്‍ അധ്യക്ഷനായ സമിതിയാണ് രൂപവത്കരിച്ചത്.മരടിലെ നാല് ഫ്‌ളാറ്റ് നിര്‍മാതാക്കളുടെ സ്വത്തുവകകള്‍ കണ്ടുകെട്ടുന്നതായും ഇവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതായും കോടതി പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.

കേസിലെ സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ള വിവിധ കക്ഷികളോട് സമിതിയുടെ അധ്യക്ഷനാക്കേണ്ട റിട്ട.ജസ്റ്റിസിന്റെ പേര് നിര്‍ദേശിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരാണ് ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായരുടെ പേര് സുപ്രീം കോടതിക്ക് കൈമാറിയത്. ഇത് കോടതി അംഗീകരിച്ചു.

നഷ്ടപരിഹാരത്തുക നിര്മാതാക്കളില്‍ നിന്ന് തന്നെ ഈടാക്കാം എന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. കെട്ടിട നിര്‍മാതാക്കള്‍ ആയ ജയ്ന്‍ ഹൗസിങ്, ആല്‍ഫാ വെഞ്ചെഴ്‌സ്, ഹോളി ഫെയ്ത്ത്, കെ പി വര്‍ക്കി ആന്‍ഡ് ബിള്‍ഡേഴ്സ് എന്നിവര്‍ക്ക് നോട്ടീസ് അയച്ച കോടതി നിര്‍മാതാക്കളുടെ സ്വത്തുക്കള്‍ കണ്ടുക്കെട്ടിയതായും ബാങ്ക് അകൗണ്ടുകള്‍ മരവിപ്പിച്ചതായും വ്യക്തമാക്കിയിട്ടുണ്ട്. ഫ്‌ലാറ്റുകള്‍ പൊളിക്കാം എന്ന് ഉറപ്പ് നല്‍കിയ സാഹചര്യത്തില്‍ ചീഫ് സെക്രട്ടറി കോടതിയില്‍ ഹാജരാകേണ്ടതില്ല. എന്നാല്‍ ഇതില്‍ വീഴ്ച വരുത്തുകയാണെങ്കില്‍ ഒക്ടോബര് 25ന് കേസ് പരിഗണിക്കുമ്ബോള്‍ ഹാജരാകേണ്ടി വരും എന്നും ഉത്തരവില്‍ കോടതി വ്യക്തമമാക്കിയിട്ടുണ്ട്.

ഒഴിഞ്ഞുപോകാന്‍ തയ്യാറായ ഫ്‌ളാറ്റ് ഉടമകള്‍ക്ക് സര്‍ക്കാര്‍ നാല് ആഴ്ചയ്ക്കുള്ളില്‍ 25ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് വെള്ളിയാഴ്ച കോടതി ഉത്തരവിട്ടിരുന്നു. ഇതുകൂടാതെ നഷ്ടപരിഹാരമായി നല്‍കേണ്ട ബാക്കി തുക എത്രയായിരിക്കണമെന്ന് കണക്കാക്കുന്ന ചുമതല ജസ്റ്റിസ് ബാലകൃഷ്ണന്‍ നായര്‍ അധ്യക്ഷനായ സമിതിയുടേതായിരിക്കും.

സമിതിയില്‍ അധ്യക്ഷന്‍ ഉള്‍പ്പെടെ മൂന്ന് അംഗങ്ങള്‍ ഉണ്ടായിരിക്കണമെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യത്തെ കുറിച്ച്‌ ഇന്ന് സുപ്രീം കോടതി പുറത്തിറക്കിയ ഉത്തരവില്‍ പരാമര്‍ശമില്ല. റിട്ട. ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായര്‍ സമിതിയുടെ തലവനായിരിക്കുമെന്നു മാത്രമാണ് ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്. ഇത് കൂടാതെ നാല് ഫ്‌ളാറ്റ് നിര്‍മാതാക്കളെയും കേസില്‍ കക്ഷികളാക്കാനും നോട്ടീസ് അയക്കാനും സുപ്രീം കോടതി രജിസ്ട്രിയോട് നിര്‍ദേശിക്കുകയും ചെയ്തു.