ഹൂസ്റ്റണ്‍: ഇന്ത്യന്‍ വംശജനായ പൊലിസുകാരന്‍ അമേരിക്കയിലെ ഹൂസ്റ്റണില്‍ വെടിയേറ്റു മരിച്ചു. ടെക്‌സാസ് ഡെപ്യൂട്ടി പൊലിസ് ഓഫിസര്‍ സന്ദീപ് സിങ് ദാലിവാല്‍ (40) ആണ് കൊല്ലപ്പെട്ടത്. സിഖ് വിഭാഗത്തില്‍ നിന്ന് ആദ്യമായി ഹൂസ്റ്റണില്‍ പൊലിസ് സേനയിലെത്തിയ ആളാണ് സന്ദീപ്. പ്രാദേശിക സമയം ഉച്ചക്ക് ഒരു മണിയോടെ ടെക്‌സാസിലെ ഹാരിസ് കൗണ്ടിയിലെ ട്രാഫിക് സ്റ്റോപ്പില്‍ വെച്ച്‌ ഡ്യൂട്ടിയിലായിരുന്ന സന്ദീപിന് നേരെ കാര്‍ യാത്രക്കാരന്‍ വെടിവെക്കുകയായിരുന്നു. ഗതാഗത നിയമം തെറ്റിച്ചത് ചോദ്യം ചെയ്തതില്‍ പ്രകോപിതനായാണ് യാത്രക്കാരന്‍ വെടിവച്ചതെന്നാണ് റിപ്പോര്‍ട്ട്.

വെടിവയ്പ്പ് നടത്തിയ ശേഷം കൊലയാളി സമീപത്തെ ഷോപ്പിങ് സെന്ററിലേക്ക് ഓടിക്കയറി. കൊലയാളിയെയും ഒപ്പമുണ്ടായിരുന്ന സ്ത്രീയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. സന്ദീപ് ദാലിവാല്‍ എല്ലാവര്‍ക്കും വഴികാട്ടിയായിരുന്നുവെന്ന് കമ്മീഷണര്‍ ആഡ്രിയന്‍ ഗ്രേഷ്യ പറഞ്ഞു. ബഹുമാനത്തോടെയും അഭിമാനത്തോടെയുമാണ് അദ്ദേഹം സ്വന്തം സമുദായത്തെ പ്രതിനിധീകരിച്ചത്. ഹാര്‍വെ ചുഴലിക്കാറ്റ് ഉണ്ടായപ്പോള്‍ ഭക്ഷ്യവസ്തുകളുടെ വിതരണം അടക്കം വലിയ സഹായങ്ങള്‍ സന്ദീപ് ജനങ്ങള്‍ക്ക് നല്‍കിയെന്നും ഗ്രേഷ്യ വ്യക്തമാക്കി.

പത്ത് വര്‍ഷമായി ഹാരിസ് കൗണ്ടി പൊലീസ് സ്റ്റേഷനില്‍ ജോലി ചെയ്തു വരികയായിരുന്ന സന്ദീപ് ദാലിവാലിന് സിഖ് മതവിശ്വാസത്തിന്റെ ഭാഗമായ തലപ്പാവും താടിയും ഡ്യൂട്ടി സമയത്ത് ധരിക്കാന്‍ പൊലിസ് വകുപ്പ് അനുമതി നല്‍കിയിരുന്നു. ഇത്തരത്തില്‍ അനുമതി ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ വംശജനാണ് സന്ദീപ്. ഭാര്യയും മൂന്നു കുട്ടികളുണ്ട്.