ബിറ്റ്‌കോയിന്‍ ഇടപാടുകാരന്‍ പുലാമന്തോള്‍ വടക്കന്‍ പാലൂര്‍ മേലേപീടിയേക്കല്‍ അബ്ദുല്‍ ഷുക്കൂറിന്റെ (25) കൊലപാതകം കേരള പോലീസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്ത്. ഷുക്കൂറിന്റെ മാതാവ് സക്കീന മുഖ്യമന്ത്രി, ഐ ജി, ജില്ലാ പോലീസ് സൂപ്രണ്ട്, എം എല്‍ എ എന്നിവര്‍ക്ക് നിവേദനം നല്‍കിയിരുന്നു. കേസന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പിക്കണമെന്ന് സ്ഥലം എം എല്‍ എ മഞ്ഞളാംകുഴി അലി മുഖ്യമന്ത്രിയോടാവശ്യപ്പെട്ടു.

കഴിഞ്ഞ ഓഗസ്റ്റ് 28ന് രാത്രിയാണ് ഷുക്കൂര്‍ ഡെറാഡൂണില്‍ കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ ഡെറാഡൂര്‍ പ്രേംനഗര്‍ പോലീസ് അറസ്റ്റു ചെയ്തിരുന്നു. തുടരന്വേഷണവും നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പ്രേംനഗര്‍ എസ് ഐ കേരളത്തിലെത്തി ഷുക്കൂറിന്റെ ബന്ധുക്കളില്‍നിന്ന് വിവരം ശേഖരിച്ചു. കാസര്‍കോട് കേന്ദ്രീകരിച്ചായിരുന്നു ഷുക്കൂറിന്റെ ബിറ്റ്‌കോയിന്‍ ഇടപാടുകള്‍. മലപ്പുറം ജില്ലയിലെ ഏറെ പേര്‍ ഇതില്‍ പങ്കാളികളാണെന്ന സൂചനയുമുണ്ട്.

ഷുക്കൂര്‍ ശേഖരിച്ച തുക തിരികെ ലഭിക്കാന്‍ മര്‍ദിക്കുകയായിരുന്നുവെന്നും ഇതിനിടെയാണ് മരണം സംഭവിച്ചതെന്നുമാണ്
ഡെറാഡൂണ്‍ പോലീസ് കണ്ടെത്തിയത്.